സൗമ്യയ്ക്ക് കണ്ണീരോടെ യാത്രാമൊഴി: സംസ്കാരം വീട്ടുവളപ്പില്‍ നടന്നു

By Web TeamFirst Published Jun 20, 2019, 11:58 AM IST
Highlights

പൊലീസിന്റെ  ഔദ്യോഗിക ബഹുമതികളോടെ 11.30-ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു

മാവേലിക്കര: വള്ളിക്കുന്നത്ത് കൊലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്കാരം നടന്നു. രാവിലെ സൗമ്യ ജോലി ചെയ്ത വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ച മൃതദേഹം വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. അതേസമയം കേസിലെ പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം 2 മണിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും.

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സൗമ്യയുടെ മൃതദേഹം രാവിലെ 9 മണിയോടെ വളളികുന്നം സ്റ്റേഷനിൽ പൊതുദർശനത്തിനായി എത്തിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും  വള്ളികുന്നം സ്റ്റേഷനിൽ സഹപ്രവർത്തകരായിരുന്ന പൊലീസുകാരും സൗമ്യയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. പിന്നാലെ സൗമ്യ പരിശീലിപ്പിച്ചിരുന്ന എസ്പിസി കേഡറ്റുകളും അന്തിമപചാരം അർപ്പിച്ചു. 

തുടർന്ന് 10 മണിയോടെ മൃതദേഹം കാമ്പിശേരി തെക്കേമുറിയിലെ വീട്ടിലെത്തിച്ചു. വീട്ടിൽ വെച്ച് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സൗമ്യയ്ക്ക് വിട ചൊല്ലി. പൊലീസിന്റെ  ഔദ്യോഗിക ബഹുമതികളോടെ 11.30ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ലിബിയയിലായിരുന്ന സൗമ്യയുടെ ഭർത്താവ് സജീവൻ നാട്ടിലെത്തുന്നതിനായ‌ാണ് സംസ്കാരം നീട്ടിവച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. 
 

click me!