
കൽപ്പറ്റ : സിപിഎം നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനങ്ങളില്‍ നിന്ന് കോടികള്‍ വാങ്ങി പലിശ നല്‍കിയത് കടുത്ത നിയമലംഘനമാണെന്നാണ് കണ്ടെത്തൽ. കേന്ദ്ര ബഡ്സ് ആക്ടിന് വിരുദ്ധമായാണ് ബാങ്ക് പോലെ ബ്രഹ്മഗിരി പ്രവർത്തിച്ചത്. ചാരിറ്റബിള്‍ സൊസൈറ്റിയായാണ് ബ്രഹ്മഗിരി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബഡ്സ് നിലവില്‍ വന്നശേഷവും സിപിഎം നേതാക്കള്‍ കോടികള്‍ പിരിച്ചതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയമലംഘനത്തിന് സർക്കാരും കൂട്ട് നിന്നുവെന്നും കണ്ടെത്തി. ചാരിറ്റബിള്‍ സൊസൈറ്റിക്ക് എല്‍ഡിഎഫ് സർക്കാർ ബജറ്റില്‍ പല തവണ പണം നല്‍കി.
ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയിലേക്ക് വ്യക്തികളില്‍ നിന്ന് കൂടാതെ സഹകരണ മേഖലയില്‍ നിന്ന് കോടി കണക്കിന് രൂപയാണ് സിപിഎം നേതാക്കള്‍ എത്തിച്ചത്. പ്രധാനമായും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നിന്നും ഇടത് അനുകൂല സഹകരണ സംഘങ്ങളില്‍ നിന്നുമായിരുന്നു പണം. കോഴിക്കോട് ജില്ലയിലെ ബാങ്കുകളില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയോളം രൂപയാണ് എത്തിച്ചതെന്നാണ് കണക്ക്.
ജനങ്ങള്‍ പണം നിക്ഷേപിക്കുന്ന സഹകരണ സ്ഥാപങ്ങള്‍ക്ക് ആ പണം തോന്നിയത് പോലെ നിക്ഷേപിക്കാനുള്ള അധികാരമില്ല. നിക്ഷേപിക്കാൻ സഹകരണ രജിസ്ട്രാറുടെ അനുമതി നിർബന്ധമായും വേണം. എന്നാല്‍ ബ്രഹ്മഗിരിയിലേക്ക് ഒഴുക്കിയ പണത്തിന് അത്തരമൊരു അനുമതിയും ഉണ്ടായിരുന്നില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നു.