മസ്തിഷ്ക–നട്ടെല്ല് ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം: പ്രാരംഭ രോഗനിർണയവും സുരക്ഷിത ചികിത്സാ മാർഗങ്ങളും പ്രധാനമെന്ന് ഡോക്ടർമാർ

Published : Jan 13, 2026, 06:01 PM IST
brain and spine surgery

Synopsis

പ്രമുഖ ന്യൂറോസർജൻമാരുടെ നേതൃത്വത്തിൽ മസ്തിഷ്ക-നട്ടെല്ല് രോഗങ്ങളെക്കുറിച്ചും ഏറ്റവും പുതിയ ചികിത്സാ രീതികളെക്കുറിച്ചും ബോധവൽക്കരണ പരിപാടി.

തിരുവനന്തപുരം: മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ സൃഷ്ടിക്കുന്ന സങ്കീർണ്ണതകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിലെ ശസ്ത്രക്രിയാ സാങ്കേതികവിദ്യകളിലുണ്ടായ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനം. പ്രമുഖ ന്യൂറോസർജൻമാരായ ഡോ. ഗിരീഷ് മേനോൻ, ഡോ. സുശാന്ത് എസ്, ഡോ. ശ്രീജിത് എം.ഡി, നട്ടെല്ല് രോഗ ചികിത്സാ വിദഗ്ധൻ ഡോ. അശോക് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടികൾ നടത്തുക. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം, ചികിത്സാ രീതികളിലെ ആധുനികവൽക്കരണം, പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളിൽ നിന്ന് മിനിമലി ഇൻവേസീവ് (കുറഞ്ഞ മുറിവുകളുള്ള) സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം എന്നിവയിലാണ് പ്രധാനമായും ബോധവൽക്കരണം ലക്ഷ്യമിടുന്നത്.

സ്ഥിരമായ നടുവേദന, കൈകാലുകളിലെ ബലക്കുറവ്‌‌‌‌‌, മരവിപ്പ്, ശരീരത്തിന്‍റെ ബാലൻസ് നഷ്ടമാകൽ, നീണ്ടുനിൽക്കുന്ന തലവേദന, സംസാരത്തിലോ കാഴ്ചയിലോ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ മസ്തിഷ്ക–നട്ടെല്ല് രോഗങ്ങളുടെ പ്രാരംഭ മുന്നറിയിപ്പുകളാകാമെന്ന് വിദഗ്ധർ വ്യക്തമാക്കി. സമയബന്ധിതമായ വിദഗ്ധ പരിശോധനയും കൃത്യമായ രോഗനിർണയവും ചികിത്സയുടെ വിജയത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നിർണായകമാണെന്ന് ഡോക്ടർമാർ പറയുന്നു. ഇന്നത്തെ സാഹചര്യത്തിൽ ലഭ്യമായ പരമ്പരാഗത ചികിത്സ മുതൽ കുറഞ്ഞ മുറിവുകളുള്ള നട്ടെല്ല് ശസ്ത്രക്രിയകളും ആധുനിക മസ്തിഷ്ക ശസ്ത്രക്രിയാ രീതികളും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ചികിത്സാ മാർഗങ്ങളെക്കുറിച്ചും പാനൽ വിശദീകരിച്ചു. രോഗിയുടെ നില, മൊത്തത്തിലുള്ള ആരോഗ്യനില, രോഗത്തിന്റെ ഘട്ടം എന്നിവ കണക്കിലെടുത്താണ് ചികിത്സാ സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതെന്നും വിദഗ്ധർ അറിയിച്ചു.

നട്ടെല്ല് ശസ്ത്രക്രിയയിലെ പുരോഗതിയെക്കുറിച്ച് സംസാരിക്കവെ പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളിൽ നിന്ന് കുറഞ്ഞ മുറിവുള്ള സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം ഈ മേഖലയിലെ രോഗികളെ സംബന്ധിച്ച് ആശാവഹമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇതുവഴി മാംസപേശികൾക്കുണ്ടാകുന്ന മുറിവുകൾ, രക്തസ്രാവം, ആശുപത്രി വാസം, സുഖപ്രാപ്തി സമയം എന്നിവ ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നതായി അവർ പറഞ്ഞു. കൂടാതെ, അഡ്വാൻസ്ഡ് ഇമേജിംഗ്, നാവിഗേഷൻ സാങ്കേതിക വിദ്യകൾ ശസ്ത്രക്രിയയുടെ കൃത്യതയും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

മസ്തിഷ്ക ശസ്ത്രക്രിയയിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് സംസാരിക്കവേ നാവിഗേഷൻ സഹായവും എൻഡോസ്കോപിക് ശസ്ത്രക്രിയകളും സുപ്രധാന മസ്തിഷ്ക ഭാഗങ്ങളെ സംരക്ഷിച്ചുകൊണ്ട് കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ സഹായിക്കുന്നുവെന്ന് വിദഗ്ധർ വ്യക്തമാക്കി. ഇതുവഴി മികച്ച ചികിത്സാഫലങ്ങളും വേഗത്തിലുള്ള സുഖപ്രാപ്തിയും രോഗികൾക്ക് ലഭിക്കുന്നതായും അവർ പറഞ്ഞു.

രോഗികൾക്കിടയിലുള്ള അവബോധം, സുരക്ഷ, അറിവോടെയുള്ള ചികിത്സാ തീരുമാനങ്ങൾ എന്നിവയുടെ പ്രാധാന്യം ഡോക്ടർമാർ ഓർമ്മിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ചികിത്സാ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ രോഗികൾക്കും ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ വിദഗ്ധ പരിശോധന അനിവാര്യമാണെന്നും അവർ വ്യക്തമാക്കി. മസ്തിഷ്ക–നട്ടെല്ല് ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണവും സമയബന്ധിതമായി ചികിത്സ തേടാൻ രോഗികളെ പ്രേരിപ്പിക്കുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഡോക്ടർമാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരും; കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് പി വി അൻവർ
മകരവിളക്ക്; സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, സമയക്രമം അറിയാം