പഞ്ചിംഗ് മെഷിനും കത്രികയും വാങ്ങിയാൽ മാത്രം പരപ്പനങ്ങാടി പൊലീസ് പരാതി കേൾക്കും!

By Web TeamFirst Published May 26, 2019, 10:51 AM IST
Highlights

സ്റ്റേഷനിൽ എത്തുന്ന പരാതിക്കാരോട് കൈക്കൂലിയായി ആവശ്യപ്പെടുന്നത് കത്രികയും പേനകളും പഞ്ചിംഗ് മെഷിനുകളും. സാധനങ്ങൾ വാങ്ങി നൽകാതെ പൊലീസ് സ്റ്റേഷനിൽ നിന്ന് നീതിയില്ല.

മലപ്പുറം: പൊലീസ് സ്റ്റേഷനിൽ കൈക്കൂലി പഞ്ചിംഗ് മെഷിനും കത്രികയും. മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലാണ് ഈ വിചിത്ര കൈക്കൂലി. പരാതിയും അപേക്ഷയുമായൊക്കെയായി പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തുന്നവരോടാണ് കത്രികയും പേനകളും പഞ്ചിംഗ് മെഷിനുകളും വാങ്ങി കൊണ്ടുവരാൻ പൊലീസുകാര്‍ ആവശ്യപ്പെടുന്നത്.

ആവശ്യമുള്ള സ്റ്റേഷനറി സാധനങ്ങളുടെ ലിസ്റ്റ് പൊലീസുകാര്‍ തന്നെയാണ് പരാതിക്കാർക്ക് എഴുതി നല്‍കുന്നത്. ഇതെല്ലാം വാങ്ങികൊടുത്താല്‍ മാത്രമേ പരപ്പനങ്ങാടി പൊലീസ് ആരുടേയും അപേക്ഷയും പരാതിയും സ്വീകരിക്കൂ എന്നാണ് ഉയരുന്ന ആക്ഷേപം. വിചിത്ര കൈക്കൂലിയുടെ പേരില്‍ വലയുകയാണ് പരപ്പനങ്ങാടിയിലെ പരാതിക്കാര്‍. സാധനങ്ങൾ വാങ്ങാനുള്ള പൊലീസ് കുറിപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

ഏറെക്കാലമായി തുടരുന്ന രീതിയാണെങ്കിലും പൊലീസ് പ്രതികാരം ചെയ്യുമോയെന്ന് ഭയന്ന് ആരും പരാതി പെടാറുണ്ടായിരുന്നില്ല. വളരെ പാവപെട്ട ഒരു ഓട്ടോറിക്ഷ ഡ്രൈവറോട് സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങികൊടുക്കാൻ ആവശ്യപെട്ടപ്പോഴാണ് പരാതി പരസ്യമായി പറയാൻ നാട്ടുകാര്‍ തയ്യാറായത്. സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങാൻ ആരേയും നിര്‍ബന്ധിക്കാറില്ലെന്നാണ് പൊലീസുകാരുടെ വിചിത്ര വിശദീകരണം. 

click me!