
തിരുവനന്തപുരം: നിയമന കോഴ വിവാദത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ കാത്തിരിക്കുകയാണ് പൊലീസ്. ഏപ്രിൽ 10 ലെ സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ ഇന്ന് പൊലീസിന് കൈമാറും. അഖിൽ മാത്യുവിന് അന്നേ ദിവസം പണം നൽകിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം. അതേ സമയം ആൾമാറാട്ടം നടന്നോ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്.
അതേ സമയം, നിയമനക്കോഴ ആരോപണക്കേസിൽ പൊലീസിന്റെ മൊഴിയെടുപ്പിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരൻ ഹരിദാസ്. മൊഴിയെടുപ്പിൽ ഹരിദാസൻ തെളിവുകൾ കൈമാറിയെന്നും ഫോൺ രേഖകൾ കൈമാറിയെന്നും പൊലീസ് അറിയിച്ചു. ഫോണിൽ അഖിൽ മാത്യുവിന്റെ ചിത്രം കാണിച്ചും പോലീസ് മൊഴി എടുത്തു. മൊഴിയെടുത്ത ശേഷം കന്റോൺമെന്റ് പോലീസ് പരാതിക്കാരന്റെ വീട്ടിൽ നിന്ന് മടങ്ങി. എട്ടേമുക്കാൽ മണിക്കൂർ നേരമാണ് പരാതികാരന്റെ മൊഴിയെടുപ്പ് നീണ്ടുനിന്നത്.
മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട പരാതികാരൻ ഹരിദാസൻ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞു. പോലീസ് വിശദമായി മൊഴി രേഖപ്പെടുത്തിയെന്നും തന്റെ കൈയിൽ നിന്ന് പണം വാങ്ങിയത് അഖിൽ മാത്യു തന്നെയെന്ന് വിശ്വസിക്കുന്നെന്നും ഹരിദാസൻ പറഞ്ഞു. അഖിൽ മാത്യുവിന്റെ ഫോട്ടോ അഖിൽ സജീവ് കാണിച്ച് തന്നുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും, ബാസിത്തിനെ കുറിച്ചും ലെനിനെ കുറിച്ചും പോലീസ് ചോദിച്ചെന്നും ഹരിദാസൻ പറഞ്ഞു.
അതേസമയം നേരത്തെ പേഴ്സണൽ സ്റ്റാഫിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. സത്യം പുറത്ത് വന്നതിന് ശേഷം വീണ്ടും കാണാമെന്നും മന്ത്രി വീണ ജോർജ് പ്രതികരിച്ചു. അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ആരോഗ്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
നിയമനക്കോഴ: ഏപ്രിൽ 10ന് അഖിൽ തിരുവനന്തപുരത്തില്ല, പത്തനംതിട്ടയിൽ; ആൾമാറാട്ടം നടന്നോ എന്ന് സംശയം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam