വിധിയിൽ സന്തോഷം, പ്രതിക്ക് മാതൃകാപാരമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷ; പ്രതികരണവുമായി വിസ്മയയുടെ സ​ഹോദരൻ

Published : May 23, 2022, 12:55 PM ISTUpdated : May 23, 2022, 01:24 PM IST
വിധിയിൽ സന്തോഷം, പ്രതിക്ക് മാതൃകാപാരമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷ; പ്രതികരണവുമായി വിസ്മയയുടെ സ​ഹോദരൻ

Synopsis

മോളെ ഇനി തിരിച്ചുകിട്ടില്ല. എങ്കിലും ഈ വിധി സമൂഹത്തിൽ നിരവധിപേർക്ക് ​പാഠമാകുമെന്നും  വിജിത്ത് പറഞ്ഞു.

 കൊല്ലം: വിധിയിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ച വിധി‌യാണ് കോടതിയിൽ നിന്നുണ്ടായതെന്നും വിസ്മയയുടെ (Vismaya) സഹോദരൻ വിജിത്ത്(Vijith)  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണ സംഘവും പ്രൊസിക്യൂഷനും തൃപ്തികരമായ രീതിയിൽ കേസ് അന്വേഷിച്ചു. ഈ‌യൊരു കേസിലൂടെ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം വെളിവാകുന്നു. കോടതികളെ നമുക്ക് വിശ്വസിക്കാമെന്ന വലിയ ഉദാഹരണമാകും ഈ കേസ്. മോളെ ഇനി തിരിച്ചുകിട്ടില്ല. എങ്കിലും ഈ വിധി സമൂഹത്തിൽ നിരവധിപേർക്ക് ​പാഠമാകുമെന്നും  വിജിത്ത് പറഞ്ഞു. അന്വേഷണ സംഘത്തോടും സർക്കാറിനോടും പ്രൊസിക്യൂഷനോടും മാധ്യമങ്ങളോടും സമൂഹത്തിനോടും  വളരെയധികം നന്ദിയുണ്ട്.  സഹോദരിക്കുണ്ടായ അനുഭവം വേറൊരാൾക്കുമുണ്ടാകരുതെന്ന് അന്ന് മുതലുള്ള പ്രാർഥനയാണ്. മാതൃകാപരമായ ശിക്ഷ തന്നെ കിരൺബാബുവിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിജിത്ത് പറഞ്ഞു.  

നിലമേൽ സ്വദേശിനി വിസ്മയ (Vismaya Case) സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ്  കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.  കിരൺ കുമാറിനെതിരെ പൊലീസ്  ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞു.

ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കി. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന്   അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.  ടിവിയിലൂടെയാണ്  വിധി വിവരം വിസ്‍മയയുടെ അമ്മ സജിത അറിഞ്ഞത്. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന  ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. 

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം  അച്ഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ഭർതൃവീട്ടില്‍ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛൻ ത്രിവിക്രമൻ നായരുമായി നടത്തിയ ഫോൺ സംഭാഷണം കോടതിയിൽ സുപ്രധാന തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​​ഗണേഷ്കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്, വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്
തുടക്കം തന്നെ കളറാക്കാൻ ബിജെപി, എത്തുന്നത് പ്രധാനമന്ത്രി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും