
തൃശൂര്‍: തൃശൂരില്‍ കള്ളനോട്ട് അടിക്കുകയും വിതരണം ചെയ്യുകയും ചെയ്ത് പോന്നിരുന്ന സഹോദരങ്ങള്‍ പിടിയില്‍. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബർണാഡ്, ജോൺസൺ ബെർണാഡ് എന്നിവരാണ് ഒന്നേകാൽ ലക്ഷത്തിന്‍റെ കള്ള നോട്ടുമായി തൃശ്ശൂർ ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് വിദേശ നിർമ്മിത പ്രിന്‍ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇവരില്‍ അനിയനായ ജോണ്‍സണ്‍ ആണ് കള്ളനോട്ട് നിര്‍മ്മിച്ചിരുന്നത്. ചേട്ടന്‍ ബെന്നി ഇത് വിതരണം ചെയ്യും. ജോണ്‍സണ്‍ വീടിന് അടുത്ത് ഓട്ടോറിക്ഷ ഡ്രൈവറാണ്. മുമ്പ് കള്ളനോട്ട് കേസുകളില്‍ പ്രതികളായ സുഹൃത്തുക്കളില്‍ നിന്ന് സാങ്കേതിക വശങ്ങള്‍ മനസിലാക്കിയാണ് ജോണ്‍സണ്‍ വിദേശ നിര്‍മ്മിത പ്രിന്‍റര്‍ വാങ്ങി കള്ളനോട്ട് നിര്‍മ്മാണ് ആരംഭിച്ചത്.
രഹസ്യവിവരത്തെത്തുടർന്ന പൊലീസ് നടത്തിയ പരിശോധനയിലാണ് തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് ബെന്നി പിടിയിലാകുന്നത്. പിടികൂടുമ്പോൾ ഇയാളുടെ പക്കൽ 2000 രൂപയുടെ 9 കള്ള നോട്ടുകൾ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഹോദരനായ ജോൺസൺ ആണ് കള്ളനോട്ട് നിർമ്മിക്കുന്നതെന്ന് മനസ്സിലായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജോൺസൺ പിടിയിലായത്.
ഇയാളുടെ വടുതലയിലെ വീട്ടിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. കള്ള നോട്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വിദേശ നിർമ്മിത പ്രിന്‍ററും മറ്റ് ഉപകരണങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. അറസ്റ്റിലായ ബെന്നി 2005 ൽ പാലക്കാട് ഒരു ലോട്ടറി വിൽപനക്കാരനെ കൊന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിയാണ്.
ആലപ്പുഴ, എറണാകുളം ,കൊല്ലം, കോട്ടയം എന്നീ ജില്ലകളിലായി ലക്ഷക്കണക്കിന് രൂപയുടെ കള്ള നോട്ടുകൾ ഇവർ വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ കൊടുത്താൽ ഇരട്ടി കള്ളനോട്ടാണ് ഇവർ തിരിച്ചു നൽകുകയെന്നും പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ പിടി കൂടാൻ അന്വേഷണം തുടരുകയാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam