
തിരുവനന്തപുരം: മാധ്യമവിലക്ക് പ്രധാനമന്ത്രിയുടെ അറിവോടെയാവില്ല എന്ന സാധ്യത ശരിയാവാനിടയുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്കര്‍ പറഞ്ഞു. സര്‍ക്കാരിന് പിന്നിലുള്ള അധികാരകേന്ദ്രമാകാം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്. അവര്‍ രാഷ്ട്രീയ പശ്ചാത്തലമുള്ളവരാകണം എന്നു പോലുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി ആര്‍ പി ഭാസ്കറിന്‍റെ വാക്കുകള്‍...
"സര്‍ക്കാരിനു പുറത്ത് ഒരു അധികാരകേന്ദ്രമുണ്ട്. അവരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമാകാം നടന്നത്. അത്തരമൊരു സാഹചര്യത്തില്‍ മാധ്യമവിലക്ക് പോലെയുള്ള അപകടങ്ങള്‍ ഉണ്ടാകാം. ഇനിയുമത് ഉണ്ടായേക്കാം. അത് ഒഴിവാക്കാന്‍ പ്രധാനമന്ത്രിക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും കഴിയുമോ എന്നാണ് നമുക്ക് അറിയേണ്ടത്.
കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ദില്ലിയിലെത്തിക്കാനുള്ള സംവിധാനം നേരത്തെ ഉണ്ട്. വാജ്പേയി മന്ത്രിസഭയുടെ കാലത്ത് അത്തരമൊരു അനുഭവം നേരിട്ട് എനിക്കുണ്ടായിട്ടുണ്ട്. അന്ന് ഞാന്‍ ഏഷ്യാനെറ്റ് ന്യൂസിലാണ് പ്രവര്‍ത്തിക്കുന്നത്. അന്ന് രാഷ്ട്രപതി ബജറ്റ് സെഷന്‍ ഉദ്ഘാടനം ചെയ്ത ദിവസം ഉച്ചയ്ക്ക് ഒരു മണി വാര്‍ത്ത കഴിഞ്ഞപ്പോള്‍ അരമണിക്കൂറിനുള്ളില്‍ ദില്ലിയില്‍ നിന്ന് എനിക്കൊരു ഫോണ്‍കോള്‍ വന്നു. വിളിച്ചത് ഏഷ്യാനെറ്റ് ന്യൂസിലേക്കാണ്, ഞാന്‍ ഫോണെടുത്തു എന്ന് മാത്രം.
വിളിച്ചയാള്‍ പറഞ്ഞത് അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്നാണ്. സ്പെഷ്യല്‍ അസിസ്റ്റന്‍റ് ടു ദി പ്രൈം മിനിസ്റ്റര്‍ എന്നോ മറ്റോ ആണ് പറഞ്ഞത്. അതൊന്നും എനിക്കത്ര വിശ്വാസയോഗ്യമായിട്ട് തോന്നിയില്ല. അദ്ദേഹം ചോദിച്ചത് ഇന്നത്തെ ബുള്ളറ്റിനില്‍ രാഷ്ട്രപതിയുടെ പ്രസംഗം ആയിരുന്നില്ല പ്രധാനവാര്‍ത്ത. അതെന്തുകൊണ്ടാണ് എന്നായിരുന്നു.
ഞാന്‍ തിരിച്ചു ചോദിച്ചു നിങ്ങളാരാണെന്നാണ് പറഞ്ഞത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു. ഞാന്‍ പ്രൊഫഷണലായി എടുത്ത തീരുമാനത്തിന്‍റെ കാരണം നിങ്ങളെ അറിയിക്കേണ്ടതില്ല. ഇനിയും ഇങ്ങനെ ഇങ്ങോട്ട് വിളിക്കരുത് എന്നും പറഞ്ഞു.
ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല ബുള്ളറ്റിന്‍ കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ദില്ലിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഈ വിവരം എത്തുന്നതെന്ന്. കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നു വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ എന്ന് ഇപ്പോ തോന്നുന്നു. അത് മന്ത്രി വി മുരളീധരനെപ്പോലെയുള്ളവരിലേക്ക് എത്തുന്നുണ്ടാവും. പ്രധാനമന്ത്രിയിലേക്ക് എത്തണമെന്നൊന്നുമില്ല. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് നമ്മള്‍ ഓര്‍ക്കണം. "
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam