കോഴിക്കോട്ടെ കെട്ടിട നമ്പർ ക്രമക്കേട്: നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Published : Jul 05, 2022, 03:31 PM IST
കോഴിക്കോട്ടെ കെട്ടിട നമ്പർ ക്രമക്കേട്: നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Synopsis

ഏജന്‍റിന് നല്ലൊരു തുക കമ്മീഷന്‍ നൽകിയാണ് ക്രമവിരുദ്ധമായി കെട്ടിടാനുമതി നേടിയതെന്ന് ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കോഴിക്കോട്: വിവാദമായ കെട്ടിട നമ്പർ ക്രമക്കേടിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാല് പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കോർപ്പറേഷൻ മുൻജീവനക്കാരൻ പി സി കെ രാജൻ, ഇടനിലക്കാരായ ഫൈസൽ, ജിഫ്രി, യാസിർ എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

കെട്ടിട നമ്പർ ക്രമക്കേടിൽ ഇടനിലക്കാരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. ഏജന്‍റിന് നല്ലൊരു തുക കമ്മീഷന്‍ നൽകിയാണ് ക്രമവിരുദ്ധമായി കെട്ടിടാനുമതി നേടിയതെന്ന് ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപേക്ഷകരുടെ പേര്, വിവരങ്ങൾ ചോർത്തി ക്രമവിരുദ്ധമായി കെട്ടിടാനുമതി നൽകിയതിന്‍റെ തെളിവുകളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

മിഠായി തെരുവിലെ ഒരു കടമുറി കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ വഴിവിട്ട് അനുമതി നേടിയതെന്ന് കണ്ടെത്തിയ കെട്ടിടങ്ങളിലൊന്നാണ്. അറുപത്തി ഒന്നാം ഡിവിഷനിലെ രാജൻ, സുരേഷ് വളപ്പിൽ എന്ന വ്യക്തികൾ നേരത്തെ കെട്ടിടാനുമതിക്കായി നൽകിയ വിവരങ്ങൾ വച്ചാണ് ഈ കെട്ടിടത്തിന് അനുമതി നേടിയത്. ഇക്കാര്യം ഉറപ്പിക്കാനായി കെട്ടിട ഉടമയെ ഏഷ്യാനെറ്റ് ന്യൂസ് സംഘം നേരിട്ടു കണ്ടു.

പുതുക്കിപ്പണിത കടമുറികൾക്ക് വേഗത്തിൽ നമ്പർ കിട്ടാനാണ് ശ്രമിച്ചതെന്നും ഒരു ഇടനിലക്കാരൻ വഴിയാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ഇതര സംസ്ഥാനക്കാരനായ കടയുടമ പറയുന്നു. ഏജന്‍റ് ആരെന്ന് വ്യക്തമാക്കാനോ, ഇയാൾക്ക് കൊടുത്ത തുക കൃത്യമായി പറയാനോ ഉടമ തയ്യാറായില്ല. നഗരത്തിൽ ജനസേവന കേന്ദ്രം നടത്തുന്ന ഷൗക്കത്തലി എന്നയാളാണ് രേഖകൾ തനിക്ക് കൈമാറിയതെന്നും കടയുടമ പറയുന്നു.

ഇത് സമാന രീതിയിൽ ക്രമവിരുദ്ധമായി അനുമതി നേടിയ കെട്ടിടങ്ങളുടെ പട്ടികയുടെ ചെറിയൊരു ഭാഗം മാത്രമാണ്. ഒരാളിന്‍റെ വിവരങ്ങൾ ഉപയോഗിച്ച് ഒന്നിലേറെ ആളുകൾക്ക് സമാന രീതിയിൽ അനുമതി നൽകിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അര്‍ഹരായ അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇടനിലക്കാരുടെ ഒത്താശയോടെ നമ്പറിംഗ് നടപടികള്‍ പൂർത്തിയാക്കും. പിന്നീട് സഞ്ജയ വെബ് ആപ്ലിക്കേഷനിലെ പഴുതുകളുപയോഗിച്ച് ഡിജിറ്റൽ സിഗ്നേച‍ർ വരെ നൽകുകയാണ് ചെയ്തിരുന്നത്.
 

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ