പത്ത് വർഷം കഴിഞ്ഞിട്ടും പ്രവർത്തനാനുമതിയില്ല; ന​ഗരസഭയ്ക്കെതിരെ പരാതിയുമായി മുംബൈ സ്വദേശി

By Web TeamFirst Published Jul 16, 2019, 5:18 PM IST
Highlights

 മുംബൈ സ്വദേശിയായ മുഹമ്മദ് സക്കീറാണ് എറണാകുളം കളമശ്ശേരി നഗരസഭയ്ക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. നഗരസഭ അംഗീകരിച്ച പ്ലാൻ പ്രകാരം നിർമ്മിച്ച വ്യാപാരസമുച്ചയത്തിന്റെ പ്രവർത്തനാനുമതിക്കായി ന​ഗരസഭ ഓഫീസ് കയറിയിറങ്ങുകയാണ് സക്കീർ. 

കളമശ്ശേരി: പത്ത് വർഷം മുമ്പ് പണിക്കഴിപ്പിച്ച കെട്ടിടത്തിന് പ്രവർത്തനാനുമതി നൽകാതെ വട്ടംക്കറക്കുന്ന ന​ഗരസഭയുടെ നടപടിക്കെതിരെ പരാതിയുമായി വ്യാപാരി. മുംബൈ സ്വദേശിയായ മുഹമ്മദ് സക്കീറാണ് എറണാകുളം കളമശ്ശേരി നഗരസഭയ്ക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. നഗരസഭ അംഗീകരിച്ച പ്ലാൻ പ്രകാരം നിർമ്മിച്ച വ്യാപാരസമുച്ചയത്തിന്റെ പ്രവർത്തനാനുമതിക്കായി ന​ഗരസഭ ഓഫീസ് കയറിയിറങ്ങുകയാണ് സക്കീർ.

1985-ൽ മുംബൈയിൽ നിന്നും കേരളത്തിലെത്തിയ സക്കീർ മലയാളികളോടുള്ള ഇഷ്ടം കൊണ്ടാണ് ഈ മണ്ണിൽ സ്വന്തമായി ഒരു വ്യാപാര സമുച്ചയം പണിയാമെന്ന് തീരുമാനിച്ചത്. 2007-ലാണ് കളമശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിൽ പഴയ ദേശീയ പാതയോട് ചേർന്ന് നിൽക്കുന്നിടത്ത് സക്കീർ തന്റെ കെട്ടിടം പണി കഴിപ്പിച്ചത്. ഭാര്യ ഫാത്തിമയുടെ പേരിലാണ് കളമശ്ശേരി നഗരസഭയ്ക്ക് കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ നൽകിയത്.

തുടർന്ന് ന​ഗരസഭ നൽകിയ പ്ലാൻ പ്രകാരം കെട്ടിടം പണിതു. 2010-ൽ നിർമ്മാണം പൂർത്തിയാക്കി കെട്ടിടത്തിന് പ്രവർത്തനാനുമതി ലഭിക്കുന്നതിനായി ന​ഗരസഭയെ സമീപിച്ചപ്പോൾ ഫയൽ കാണാനില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഫയൽ ലഭിച്ചോ എന്നറിയാൻ അഞ്ച് മാസം ന​ഗരസഭ കയറിയിറങ്ങി. പിന്നീട് മുനിസിപ്പാലിറ്റി ജീവനക്കാരന് പണം നൽകിയപ്പോഴാണ് ഫയൽ കിട്ടിയത്. എന്നാൽ ഫയലിൽ വയലേഷൻ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

കെട്ടിടം ദേശീയപാതയോരത്ത് ആയതിനാൽ റോഡും കെട്ടിടവും തമ്മിൽ ആറ് മീറ്റർ അകലം വേണമെന്നും ഈ കെട്ടിടത്തിന് 25 സെന്റീമീറ്ററിന്‍റെ കുറവുണ്ടെന്നുമായിരുന്നു അധികൃതരുടെ ആദ്യ കണ്ടെത്തൽ. കെട്ടിടത്തിന് മുന്നിൽ ചില്ലുകൾ സ്ഥാപിച്ചതിനാലാണ് ആ കുറവ് വന്നതെന്നും അത് പൊളിച്ച് മാറ്റാമെന്നും സക്കീർ നഗരസഭയെ അറിയിച്ചു. അതിന് അധികൃതരുടെ ഭാ​ഗത്തുനിന്ന് മറുപടി ഉണ്ടായിരുന്നില്ല.

ഇതിനിടയിൽ ഹൈവേ ഈ സ്ഥലത്ത് നിന്ന് മെട്രോ സ്റ്റേഷന് സമീപത്തേക്ക് മാറ്റി. ഇതോടെ ദൂരക്കുറവെന്ന പ്രശ്നവും മാറി. എന്നാൽ ചീഫ് ടൗൺ പ്ലാനിങ് വിഭാഗം അനുമതിയെ എതിർത്തു. ഹൈവേ മാറിയെങ്കിലും അത് സർക്കാർ നോട്ടിഫിക്കേഷനായി പുറത്ത് വന്നിട്ടില്ലെന്നായിരുന്നു അധികൃതരുടെ പുതിയ വാദം. ഇതിനിടയിൽ സക്കീറിന്‍റെ ഭാര്യ മരണപ്പെട്ടു. ഇതോടെ അനുമതിക്കുള്ള അന്വേഷണം നിർത്തി കെട്ടിടത്തിനകത്ത് ചായ്പ് കെട്ടി ഇരിപ്പാണ് സക്കീർ.
 
ആന്തൂരിൽ വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിന് പിറകെ സക്കീറിന്റെ ദുരവസ്ഥ വീണ്ടും നഗരസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ് പ്രദേശവാസികൾ. മരിച്ചുപോയ ഭാര്യയോടുള്ള ആദരസൂചകമായെങ്കിലും കെട്ടിടം തുറക്കണമെന്നാണ് സക്കീറിന്റെ ആ​ഗ്രഹം. ഓഫീസുകൾ കയറിയറങ്ങി ഈ വൃദ്ധൻ കടക്കാരനും രോഗിയുമായിരിക്കുകയാണ്. ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കണമെന്ന് സക്കീറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെടുന്നു.

 

click me!