'അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞു, ക്യാബിനിലേക്ക് സെക്യൂരിറ്റി കടത്തിവിട്ടില്ല': സിജെ റോയിയുടെ അവസാന നിമിഷങ്ങൾ, എംഡി നൽകിയ പരാതിയിലെ വിവരങ്ങൾ

Published : Jan 31, 2026, 04:42 PM IST
C J Roy

Synopsis

ആദായ നികുതി വകുപ്പിന് മൊഴി നൽകാനെത്തിയ കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ശേഷം ക്യാബിനിൽ കയറി വാതിലടയ്ക്കുകയായിരുന്നു. 

ബെംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി മരണത്തിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വിവരം. അശോക് നഗർ പൊലീസ് സ്റ്റേഷനിൽ കോൺഫിഡന്‍റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി എ ജോസഫ് നൽകിയ പരാതിയിലാണ് സംഭവ ദിവസം നടന്നത് എന്തെല്ലാമെന്ന വിവരങ്ങൾ ഉള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ, ആദായ നികുതി ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായി ടി എ ജോസഫിനൊപ്പം റോയ് ലാങ്ഫോർഡ് റോഡിലെ ഓഫിസിലെത്തി. തന്‍റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെന്നാണ് ജോസഫ് പറയുന്നത്.

പുറത്തിറങ്ങി പിന്നീട് തിരികെ എത്തിയപ്പോൾ ക്യാബിനിലേക്ക് കയറാൻ സെക്യൂരിറ്റി തന്നെ അനുവദിച്ചില്ലെന്ന് ജോസഫ് പറയുന്നു. ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് റോയ് പറഞ്ഞെന്നാണ് സെക്യൂരിറ്റി പറഞ്ഞത്. 10 മിനിറ്റിന് ശേഷം വീണ്ടും ക്യാബിന് മുന്നിലെത്തി. വാതിൽ മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല. വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. ആവർത്തിച്ച് മുട്ടിയിട്ടും തുറക്കാതായതോടെ കതക് തകർത്ത് ഉള്ളിൽ പ്രവേശിച്ചു. രക്തത്തിൽ കുളിച്ച് കസേരയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടത്. ഉടനെ ആംബുലൻസ് വിളിച്ചു വരുത്തി. ഉടൻ തന്നെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉച്ചയ്ക്ക് ശേഷം മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് മരണം സംഭവിച്ചതെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു ജോസഫിന്‍റെ പരാതിയിലെ ആവശ്യം. ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണം എന്നാണ് ആവശ്യം.

അതേസമയം സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങളുടെ വിശദീകരണം. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും ആദായ നികുതി വകുപ്പ് നടത്തിയിട്ടില്ല. നിയമപരമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. രണ്ടു മാസമായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇന്നലെയും ഉണ്ടായതെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തിറക്കാനാണ് ഐ ടി വകുപ്പിന്റെ ആലോചന. അതേസമയം കടുത്ത സമ്മർദവും മാനസിക പ്രയാസവും ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വ്യാജ പരാതിയെയും കള്ളക്കേസിനെയും അതിശക്തമായി നേരിട്ടു, നൽകിയത് വലിയ പ്രോത്സാഹനം'; ബാലചന്ദ്ര മേനോനെ സന്ദ‍ർശിച്ച് രാഹുൽ ഈശ്വർ
'രാജ്യം ഭരിക്കുന്ന പാർട്ടി ചോദിക്കുന്ന ഫണ്ട് കൊടുക്കുക, അല്ലെങ്കിൽ...', സിജെ റോയിയുടേത് ആത്മഹത്യയല്ല, വേട്ടയാടി കൊന്നതെന്ന് കെജെ ഷൈൻ