
തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയ വി.ആര്‍.പ്രേംകുമാര്‍ ഐഎഎസിനെ വാണിജ്യ-വ്യവസായ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രേംകുമാറിനെ സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള തീരുമാനത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ശക്തമായി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. പ്രേംകുമാറിനെ മാറ്റിയതില്‍ പ്രതിഷേധിച്ച് റവന്യൂ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി വി.വേണു അവധിക്ക് അപേക്ഷ നല്‍കിയിരുന്നു.
ഇതോടൊപ്പം സംസ്ഥാനത്ത് കേരള സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക-സാമൂഹികരംഗത്തെ വളര്‍ച്ച കൃത്യമായി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് രൂപം നല്‍കുന്നത്. കോഴിക്കോട് ജില്ലയിലുണ്ടായ പക്ഷിപ്പനിയെ തുടര്‍ന്ന് പക്ഷികളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു കോഴിയെ വളര്‍ത്തിയ കര്‍ഷകര്‍ക്ക് വലിയ കോഴിക്ക് 200 വീതവും ചെറിയ കോഴിക്ക് നൂറ് രൂപ വീതവും നഷ്ടപരിഹാരം നല്‍കും.
സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നു
കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരളത്തിന്‍റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം, ധനകാര്യം മുതലായ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. ദേശീയതലത്തില്‍ ആഭ്യന്തര വരുമാനത്തിന്‍റെ ത്രൈമാസ കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സംസ്ഥാനത്ത് ആഭ്യന്തര വരുമാനത്തിന്‍റെ കൃത്യമായ കണക്ക് ലഭിക്കാന്‍ രണ്ടുവര്‍ഷമെടുക്കുന്ന സ്ഥിതിയുണ്ട്.
മാത്രമല്ല, കേരളത്തിലെ നിക്ഷേപത്തിന്‍റെ തോത്, സ്വകാര്യ ഉപഭോക്തൃ ചെലവ്, സംസ്ഥാന വരുമാനത്തിന്‍റെ വിനിയോഗം എന്നിവ കണക്കാക്കപ്പെടുന്നുമില്ല, ഇതുകാരണം സര്‍ക്കാര്‍ തലത്തില്‍ നയരൂപീകരണത്തിനും ഗവേഷകര്‍ക്ക് വിശകലനത്തിനും പ്രയാസം നേരിടുന്നുണ്ട്. ഇതൊഴിവാക്കാനാണ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്.
ദേശീയ സ്ഥിതിവിവര കമ്മീഷന്‍റെ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.സി. മോഹനനെ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കും. ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് മുന്‍ ഡയറക്ടര്‍ മീരാ സാഹിബ് കമ്മീഷനിലെ മുഴുവന്‍ സമയ അംഗവും ബാംഗ്ലൂര്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് വകുപ്പ് മേധാവി ഡോ. മധുര സ്വാമിനാഥന്‍, ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റൂറല്‍ ഡവല്മെന്‍റിലെ ഫാക്കല്‍റ്റി അംഗം ഡോ. വി. സുര്‍ജിത്ത് വിക്രമന്‍ എന്നിവര്‍ പാര്‍ട് ടൈം അംഗങ്ങളുമായിരിക്കും. മൂന്നു വര്‍ഷമാണ് കമ്മീഷന്‍റെ കാലാവധി.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി മൂലം ചാവുകയും കൊല്ലേണ്ടിവരികയും ചെയ്ത കോഴികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. രണ്ടുമാസത്തിലധികം പ്രായമായ പക്ഷികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെയുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും അനുവദിക്കും. രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam