വിവാദമായ പൊലീസ് ആക്ട് ഭേ​ദ​ഗതി പിൻവലിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

By Web TeamFirst Published Nov 24, 2020, 4:06 PM IST
Highlights

വിവാദ ഓർഡിനൻസ് പിൻവലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഗവർണറെ അറിയിക്കും.  നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓർഡർ ഉടനെ പുറത്തിറങ്ങും. 

തിരുവനന്തപുരം: സിപിഎമ്മിനേയും പിണറായി സർക്കാരിനേയും പ്രതിരോധത്തിലാക്കിയ പൊലീസ് ആക്ട് ഭേദഗതി സർക്കാർ പിൻവലിച്ചു. സർക്കാർ ഗസറ്റിൽ വിജ്ഞാപനം വന്ന് 48 മണിക്കൂർ തികയും മുൻപാണ് പൊലീസ് നിയമഭേദഗതി പിൻവലിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. 

വിവാദ ഓർഡിനൻസ് പിൻവലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഗവർണറെ അറിയിക്കും.  നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓർഡർ ഉടനെ പുറത്തിറങ്ങും. ഏതു തരം മാധ്യമങ്ങൾ വഴിയുമുള്ള ആക്ഷേപം നടത്തിയാൽ പൊലീസിന് പരാതിയുടെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും അധികാരം നൽകുന്നതായിരുന്നു വിവാദ ഓർഡിനൻസ്. 

സാധാരണഗതിയിൽ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. അതിനാൽ നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ വിവാദപൊലീസ് നിയമ പരിഷ്കാരം സംബന്ധിച്ച സർക്കാർ തീരുമാനം വരും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച വൈകിട്ട് 3.30-ന് മന്ത്രിസഭായോ​ഗം ചേരുകയും വിവാദഭേദ​ഗതി പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു. സർക്കാർ പുറത്തിറക്കിയ ഒരു ഓർഡിനൻസ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്. 

സിപിഎമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുള്ള പോലീസ് ആക്ട് ഭേദഗതി ദേശീയതലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടതോടെയാണ് 48 മണിക്കൂറിനകം പിന്‍വലിച്ചത്. കരിനിയമമെന്ന് പരക്കെ പറയപ്പെട്ട ഈ നിയമം പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെയാണോ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന ചോദ്യമുയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്ന പരാതിയോടെയാണ് ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രതയുണ്ടാകുമെന്ന് പോളിറ്റ് ബ്യൂറോ അം​ഗം എംഎ ബേബിയും തുറന്ന് പറഞ്ഞിരുന്നു. 

click me!