
തിരുവനന്തപുരം: മൂന്നാംതരംഗ ഭീഷണിയും, ഒമിക്രോൺ വ്യാപനവും സംബന്ധിച്ച് കേരളത്തിന് വരാനിരിക്കുന്ന ഒരാഴ്ച്ച നിർണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. പുതുവത്സരാഘോഷം, അവധിദിനങ്ങൾ എന്നിവയിലൂടെ വ്യാപനം ഒരാഴ്ച്ചക്കുള്ളിൽ രാജ്യത്തെ മറ്റിടങ്ങളിലേതിന് സമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. മൂന്നാംതരംഗമായിത്തന്നെ ഒമിക്രോൺ വ്യാപനത്തെ കണക്കാക്കി മുന്നൊരുക്കങ്ങൾ നടത്തണമെന്നാണ് വിദഗ്ദാഭിപ്രായം. അതിനിടെ ഒമിക്രോൺ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും.
കേസുകളുയരുമെന്ന മുന്നറിയിപ്പിന് ആക്കം കൂട്ടുന്നതായിരുന്നു ഇന്നലെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 3600 കടന്നത്. 25 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവുമുയർന്ന കൊവിഡ് കണക്കാണ് ഇന്നലത്തേത്. പ്രതിദിനം കുറഞ്ഞുവന്നിരുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും, ചികിത്സയിലുള്ളവരുടെ എണ്ണവും ഇന്നലെ ഉയർന്നു. പരിശോധനകൾ കൂട്ടിയതോടെ കൂടുതൽ രോഗികളെന്ന സ്ഥിതി. ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒമിക്രോൺ വ്യാപനം തന്നെയാകും സംസ്ഥാനത്ത് മൂന്നാംതരംഗത്തിന് വഴിവെയ്ക്കുകയെന്നാണ് വിദഗ്ദർ പറയുന്നത്.
മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി പതുക്കെ കേരളത്തിലും വ്യാപനമുണ്ടായെന്നും ഇത് മൂർധന്യാവസ്ഥയിലേക്ക് കടക്കുകയാണെന്നും വിലയിരുത്തലുകളുണ്ട്. പതുക്കെ മാത്രം കുറയുന്നതായിരുന്നു കേരളത്തിലെ ആദ്യ കൊവിഡ് തരംഗങ്ങൾ. ഒമിക്രോണിൽ അതിനുള്ള സാവകാശം പ്രതീക്ഷിക്കാതെ ഒരുക്കം നടത്തണമെന്നാണ് ഒമിക്രോണിന്‍റെ വ്യാപനശേഷി വിലയിരുത്തി ആരോഗ്യരംഗത്തുള്ളവർ പറയുന്നത്. വകഭേദത്തിന്‍റെ ആർ വാല്യൂ ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാനുള്ള ശേഷി വളരെ കൂടുതലാണ്.
കേസുകൾ കൂടിയാൽ നിലവിൽ ഇൻഡോർ, ഔട്ട്ഡോർ പരിപാടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നതന് അപ്പുറത്തേക്ക് നിയന്ത്രണം ഉണ്ടായേക്കും. സംസ്ഥാനത്തെത്തുന്നവരുടെ പരിശോധന, പരിശോധനകളുടെ എണ്ണം കൂട്ടൽ, വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഒമിക്രോൺ പശ്ചാത്തലത്തിലുള്ള മാർഗരേഖ എന്നിവയും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam