സിഎജി റിപ്പോർട്ട്: ആഭ്യന്തര സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും

By Web TeamFirst Published Feb 19, 2020, 6:48 AM IST
Highlights

വിമർശനവും ആരോപണങ്ങളും ശക്തമായതിനെത്തുടർന്ന് പ്രതിരോധത്തിലായപ്പോഴാണ് സർക്കാർ ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടത്

തിരുവനന്തപുരം: പൊലീസിനെതിരായ സിഎജി റിപ്പോർട്ടിന്മേൽ പരിശോധന നടത്തിയ ആഭ്യന്തര സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോ‍ർട്ട് നൽകിയേക്കും. റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയോട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാകും സർക്കാർ സിഎജി റിപ്പോർട്ട് പരിശോധിക്കുന്ന നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മറുപടി നൽകുക. 

അതേ സമയം ആഭ്യന്തര സെക്രട്ടറിയുടെ പരിശോധന പ്രഹസനമെന്നാണ് പ്രതിപക്ഷനിലപാട്. സിഎജി റിപ്പോർട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ച ചേർന്ന് മന്ത്രിസഭാ യോഗം റിപ്പോർട്ട് ചർച്ച ചെയ്തിരുന്നില്ല.

സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെ വെട്ടിലായ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരുന്നത്. സിപിഎമ്മും ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ഇതിൽ ഗുരുതരമായ ക്രമക്കേടില്ലെന്ന നിലപാടെടുക്കുകയും ചെയ്തു. ഒപ്പം, സിഎജി റിപ്പോർട്ട് സഭയിൽ വച്ചതിന് മുമ്പ് തന്നെ പി ടി തോമസ് എംഎൽഎ പൊലീസിലെ ക്രമക്കേടുകളെക്കുറിച്ച് സഭയിൽ ചോദ്യമുന്നയിച്ചതും, മാധ്യമങ്ങൾക്ക് വിവരങ്ങൾ കിട്ടിയതും സിഎജി റിപ്പോർട്ട് ചോർന്നതിന് തെളിവാണെന്നാണ് സിപിഎം ചൂണ്ടിക്കാണിക്കുന്നത്. സഭയിൽ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ചോർന്നത് ഗുരുതരമായ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം ആരോപണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചത്. എന്നാൽ വിമർശനവും ആരോപണങ്ങളും ശക്തമായതിനെത്തുടർന്ന് പ്രതിരോധത്തിലായപ്പോഴാണ് സർക്കാർ ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടത്.

click me!