'സിഎജി സംഘപരിവാരത്തിന്‍റെ ഭൃത്യൻ, നേരിടേണ്ടി വരും, നേരിടും', എം സ്വരാജ്

By Web TeamFirst Published Nov 17, 2020, 9:35 PM IST
Highlights

ജുഡീഷ്യറി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ, സുപ്രീംകോടതിയിലെ ജഡ്ജിമാർ പുറത്തുവന്ന് വാർത്താസമ്മേളനം നടത്തിയപ്പോൾ അവർ പറഞ്ഞത്, അസാധാരണ സാഹചര്യങ്ങൾ വരുമ്പോൾ അത്, അസാധാരണമായി നേരിടണം എന്നാണ്. അതാണിവിടെ ധനമന്ത്രിയും ചെയ്തതെന്ന് സ്വരാജ്.

തിരുവനന്തപുരം: സിഎജിയെക്കുറിച്ച് രൂക്ഷപരാമർശവുമായി സിപിഎം എംഎൽഎ എം സ്വരാജ്. കേരളത്തിന്‍റെ വികസനം അട്ടിമറിക്കാനായി ഗൂഢനീക്കം നടത്തുന്ന സംഘപരിവാറിന്‍റെ ഭൃത്യനാണ് സിഎജിയെന്ന് എം സ്വരാജ് ന്യൂസ് അവറിൽ പറഞ്ഞു. കരട് റിപ്പോർട്ടിലില്ലാത്ത നാല് പേജ് ദില്ലിയിൽ നിന്ന് കിഫ്ബിയെ തകർക്കാനായി കൂട്ടിച്ചേർത്തതാണ്.  

സിഎജി മുമ്പ് വഹിച്ച ചുമതലയെന്താണ്, അതിൽ അദ്ദേഹത്തിന്‍റെ ട്രാക്ക് റെക്കോഡ് എന്താണ്? കശ്മീരിൽ അദ്ദേഹം നിർവഹിച്ചതെന്താണ്? റിട്ടയർ ചെയ്യുന്നതിന് നാല് ദിവസം മുമ്പ് അദ്ദേഹത്തെ കേരളത്തിൽ കൊണ്ടിരുത്തിയതിന് പ്രത്യേക ഉദ്ദേശങ്ങളുണ്ട് - എന്ന് സ്വരാജ്. 

കരട് റിപ്പോർട്ടല്ല, അന്തിമറിപ്പോർട്ടാണെങ്കിൽ, എന്തുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ സിഎജി അന്തിമറിപ്പോർട്ട് സമർപ്പിച്ചെന്ന് റിപ്പോർട്ട് ചെയ്തില്ലെന്നാണ് എം സ്വരാജ് ചോദിക്കുന്നത്. 11-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പ് 16-ന് കിട്ടിയാൽ അത് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യാതിരിക്കുമോ? സഭയുടെ മേശപ്പുറത്ത് വച്ച ശേഷമേ സിഎജി വാർത്താസമ്മേളനം നടത്താറുള്ളൂ. അതല്ലാത്ത നടപടിക്രമങ്ങൾ പൊതുവിൽ വാർത്തയാകാറില്ലെന്ന് അവതാരകൻ ഇതിന് മറുപടി പറഞ്ഞു. അതുകൊണ്ട്, ധനമന്ത്രിക്ക് കരട് റിപ്പോർട്ടും യഥാർത്ഥ റിപ്പോർട്ടും തിരിച്ചറിയാതെ പോകുമോ, എന്ന് അവതാരകൻ തിരികെ ചോദിച്ചപ്പോൾ, ചട്ടലംഘനമുണ്ടെങ്കിൽ സഭ നടപടി സ്വീകരിക്കട്ടെയെന്നാണ് സ്വരാജ് മറുപടി പറഞ്ഞത്.

കരട് റിപ്പോർട്ടാണോ, അതോ സിഎജിയുടേത് അന്തിമറിപ്പോർട്ടാണോ എന്നത് മന്ത്രി തന്നെ വിശദീകരിച്ചതാണ്. ഇനി ബാക്കി നടപടികൾ നിയമസഭ സ്വീകരിക്കട്ടെ. അതിൽക്കൂടുതൽ തനിക്കൊന്നും പറയാനില്ലെന്നും സ്വരാജ് പറയുന്നു. അന്തിമറിപ്പോർട്ട് ആയിരുന്നിട്ടും, ഇതിലെ ഉള്ളടക്കം പുറത്തുവിടാനായി കരട് റിപ്പോർട്ടെന്ന് പറഞ്ഞ് കിഫ്ബിയെക്കുറിച്ചുള്ള പരാമർശമുള്ള ഭാഗം പുറത്തുവിടുകയായിരുന്നു തോമസ് ഐസക് എന്ന് കരുതണോ എന്ന ചോദ്യത്തിന്, 'നിങ്ങളങ്ങനെ വിശ്വസിച്ചോളൂ', എന്ന ഒറ്റവാക്ക് മറുപടിയേ സ്വരാജ് നൽകിയുള്ളൂ. 

സംസ്ഥാനത്തിന്‍റെ വികസനത്തിന്‍റെ ഭാവി തന്നെ ഇരുളടയുന്ന അസാധാരണമായ സാഹചര്യമാണിപ്പോഴുള്ളത്. ജുഡീഷ്യറി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ, സുപ്രീംകോടതിയിലെ ജഡ്ജിമാർ പുറത്തുവന്ന് വാർത്താസമ്മേളനം നടത്തിയപ്പോൾ അവർ പറഞ്ഞത്, അസാധാരണ സാഹചര്യങ്ങൾ വരുമ്പോൾ അത്, അസാധാരണമായി നേരിടണം എന്നാണ്. അതാണിവിടെ ധനമന്ത്രിയും ചെയ്തതെന്ന് സ്വരാജ്. 

14-ാം തീയതിയാണ് സിഎജിയുടെ കരട് റിപ്പോർട്ട് വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി, കിഫ്ബിക്കെതിരായ പരാമർശം പുറത്തുവിട്ടുകൊണ്ട് വാർത്താസമ്മേളനം നടത്തിയത്. അന്ന് അദ്ദേഹം പറഞ്ഞത് ഇത് കരട് റിപ്പോർട്ട് മാത്രമാണെന്നാണ്. പക്ഷേ, കേരളത്തിന്‍റെ വികസനത്തെ കാര്യമായി ബാധിക്കുന്ന റിപ്പോർട്ടാണ്. അത് പുറത്തുവിടാതെ പറ്റില്ലെന്നും ധനമന്ത്രി പറഞ്ഞു. അന്ന് രാത്രി രാഷ്ട്രീയനിരീക്ഷകൻ ജോസഫ് സി മാത്യുവാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ കരട് റിപ്പോർട്ടല്ല, അന്തിമറിപ്പോർട്ടാണെന്ന് പറയുന്നത്. നവംബർ 15 -ന് കരട് റിപ്പോർട്ട് തന്നെയാണെന്ന് പകൽ വാർത്താസമ്മേളനം വിളിച്ചും, അന്ന് രാത്രി ന്യൂസ് അവറിലും ധനമന്ത്രി ആവർത്തിച്ചു. 2018-19 സാമ്പത്തിക വർഷത്തിന്‍റെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള സിഎജി റിപ്പോർട്ട്, സഭയിൽ വയ്ക്കാനായി നവംബർ ആറിന് നൽകിയെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ നവംബർ 11-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലാണ് പുറത്തുവിട്ടത്. നവംബർ 16-ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ഈ വാർത്താക്കുറിപ്പ് വലിയ വിവാദമായപ്പോൾ, നവംബർ 17-ന് ഉത്തമബോധ്യത്തിലാണ് കരട് റിപ്പോർട്ടാണ് എന്ന് പറഞ്ഞതെന്ന് തോമസ് ഐസക് വാർത്താസമ്മേളനം വിളിച്ച് പറഞ്ഞു. 

click me!