'തരൂരിന്‍റെ പര്യടനം വിഭാഗീയ പ്രവർത്തനമെന്ന ആശങ്ക വന്നു'; പിന്‍മാറ്റത്തില്‍ വിശദീകരണവുമായി കോഴിക്കോട് ഡിസിസി

Published : Nov 20, 2022, 10:28 AM ISTUpdated : Nov 20, 2022, 10:44 AM IST
'തരൂരിന്‍റെ പര്യടനം വിഭാഗീയ പ്രവർത്തനമെന്ന ആശങ്ക വന്നു'; പിന്‍മാറ്റത്തില്‍ വിശദീകരണവുമായി കോഴിക്കോട് ഡിസിസി

Synopsis

പരിപാടിയെക്കുറിച്ച് ഡിസിസിയെ അറിയിച്ചിരുന്നില്ല.അതാണ് പരിപാടിയിൽ നിന്നും പിന്മാറാൻ യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയത്. തരൂർ ഡിസിസിയെ അറിയിച്ചിരുന്നെങ്കിൽ എല്ലാം ചെയ്യുമായിരുന്നുവെന്നും ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ

കോഴിക്കോട്: ശശി തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി ഡിസിസി രംഗത്ത്. കോഴിക്കോട് ജില്ലയിലെ പര്യടനതെക്കുറിച്ചു തരൂർ അറിയിച്ചിരുന്നില്ല. എം കെ രാഘവന്‍  എംപിയാണ് ജില്ലാ കമ്മിറ്റിയെ വിവരം അറിയിച്ചത്. തരൂരിന്‍റെ  പര്യടനം വിഭാഗീയ പ്രവർത്തനമാണന്ന വാർത്തകൾ വന്നു. അതാണ് പരിപാടിയിൽ നിന്നും പിന്മാറാൻ യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയതെന്ന് ഡിസിസി വ്യക്തമാക്കി.

.ചില കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു . തരൂർ ഡിസിസിയെ അറിയിച്ചിരുന്നെങ്കിൽ ഡിസിസി തന്നെ എല്ലാം ചെയ്യുമായിരുന്നുവെന്നും ഡിസിസി പ്രസി‍ഡണ്ട് പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. കോൺഗ്രസിന്റ സംഘടന സംവിധാനം അനുസരിച്ചല്ല തരൂർ പര്യടനം തയാറാക്കിയതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ്  ആര്‍ ഷഹീനും വ്യക്തമാക്കി. ഡിസിസിയോട് ആലോചിച്ചാണ് പരിപാടിയിൽ നിന്നും പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂരിന്‍റെ പരിപാടികളില്‍ പങ്കെടുക്കുന്നതിലെ അപ്രഖ്യാപിത വിലക്ക്; രൂക്ഷ വിമർശനവുമായി എം കെ രാഘവൻ എംപി

യൂത്ത് കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി എം കെ രാഘവൻ എംപി. ശശി തരൂരിന്റെ പരിപാടിയിൽ നിന്ന് പിന്മാറിയ യൂത്ത് കോൺഗ്രസിന്റെ നടപടി പാർട്ടിക്ക് നാണക്കേടായി എന്ന് എം കെ രാഘവൻ വിമർശിച്ചു. സമ്മർദ്ദം മൂലമാണ് തരൂരിന്റെ പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നാണ് യൂത്ത് കോൺഗ്രസ് അറിയിച്ചതെന്നും എം കെ രാഘവൻ പറയുന്നു. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന്റെ തിരിച്ച് വരവിന് തരൂർ വേണമെന്നും എം കെ രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഘപരിവാറിനെതിരെ കോൺഗ്രസ് ഉയർത്തുന്ന ആശയത്തെ ഈ നടപടി കളങ്കപ്പെടുത്തുന്നതായി എന്ന് പറഞ്ഞ എം കെ രാഘവൻ, നേതാക്കൾ പിന്മാറിയാലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻ പങ്കാളിത്തം ഉണ്ടാകും എന്നും രാഘവൻ പറഞ്ഞു. എഐസിസി തെരഞ്ഞെടുപ്പിൽ ശശി തരൂരിന് കിട്ടിയ സ്വീകാര്യത പാർട്ടി പ്രയോജനപ്പെടുത്തണമെന്നും എം കെ രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: ശശി തരൂരിനെ തടഞ്ഞുവെന്നത് വ്യാജ പ്രചാരണം; യൂത്ത് കോണ്‍ഗ്രസ് വാദം തള്ളി കെ സുധാകരന്‍

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി