പേരാമ്പ്ര മല്‍സ്യ ചന്തയിലെ ലീ​ഗ്-സിപിഎം സംഘർഷം; എല്ലാവരും ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടർ

By Web TeamFirst Published Aug 20, 2020, 11:53 AM IST
Highlights

രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘർഷ പ്രദേശത്ത്  ഉണ്ടായിരുന്ന മുഴുവൻ ആളുകളും  റൂം ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്.

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് പേരാമ്പ്ര മല്‍സ്യ ചന്തയില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തിൽ എല്ലാവരും ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘർഷ പ്രദേശത്ത്  ഉണ്ടായിരുന്ന മുഴുവൻ ആളുകളും  റൂം ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലർത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മീന്‍വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര ടൗണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് വിട്ട് സിപിഎമ്മില്‍ ചേർന്ന  അഞ്ച് പേര്‍ പുലർച്ചെ മത്സ്യവിൽപനയ്ക്ക് എത്തിയതോടെയാണ്  തര്‍ക്കം തുടങ്ങിയത്. ഇവരെ ലീഗ് പ്രവർത്തകര‍്‍ മീന്‍ വില്‍ക്കാന്‍ അനുവദിച്ചില്ല.  തുടര്‍ന്ന് പ്രാദേശിക നേതാക്കളുടെ  നേതൃത്വത്തില്‍ സിപിഎം പ്രവർത്തകര്‍ കൂട്ടമായെത്തി  മാർക്കറ്റിലുള്ളവരെ  മർദ്ദിക്കുകയായിരുന്നു. ലീഗ് പ്രവർത്തകരും തിരിച്ചടിച്ചു.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘർഷസാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പ്രദേശം പൊലീസ് നിരീക്ഷണത്തിലാണ്. ഇരുവിഭാഗത്തിനുമെതിരെ  കേസെടുത്തിട്ടുണ്ട്.

"

click me!