
കൊച്ചി: മുംബൈ പോലീസെന്ന വ്യാജേന ഓണ്‍ലൈനായി 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൊച്ചിയിൽ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് തുഫൈലിനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയെ ഡിജിറ്റൽ അറസ്റ്റിലായെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
കഴിഞ്ഞവ ഫെബ്രുവരിയിയിലാണ് സൈബർ തട്ടിപ്പിനാസ്പദമായ സംഭവം. എറണാകുളം സ്വദേശിയായ പരാതിക്കാരന് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനെന്ന പോരിൽ ഫോണ്‍ കോളെത്തുന്നു. പരാതിക്കാരന്റെ മുംബൈയിലെ വിലാസത്തിൽ നിന്ന് ചൈനയിലെ ഷാങ്ഹായിലേക്കു നിയമവിരുദ്ധമായി എടിഎം കാർഡ്, ലാപ്ടോപ്, പണം, രാസലഹരി എന്നിവ അയച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തൊട്ടുപിന്നാലെ മുംബൈ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ എന്ന പേരിൽ വീണ്ടും കോൾ.
കൊറിയർ അയച്ച സംഭവത്തിൽ സിബിഐ കേസ് റജിസ്റ്റർ ചെയ്തുവെന്നായിരുന്നു വ്യാജ പോലീസ് ഉദ്യോഗസ്ഥന്റെ സന്ദേശം. ബാങ്ക് അക്കൗണ്ട് കോടതിയിൽ വെരിഫൈ ചെയ്യണമെന്നും അതിനുള്ള പണമായി നോട്ടറിയുടെ ബാങ്ക് അക്കൗണ്ടിലേക്കു 5 ലക്ഷം രൂപയും ആവശ്യപ്പെട്ടു. പേടിച്ച് പണം കൈമാറിയ ശേഷമാണ് പരാതിക്കാരൻ തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്. എറണാകുളം സൗത്ത് പോലീസിന് നൽകിയ പരാതി കേസെടുത്ത ശേഷം സൈബർ പൊലീസിനു കൈമാറി.
പണം കൈമാറിയ ബാങ്ക് അക്കൗണ്ടും വിവിധ ഇടപാടുകളും പരിശോധിച്ചപ്പോഴാണ് കോഴിക്കോട്ടെ പ്രതിയിലേക്ക് പോലീസെത്തുന്നത്. കൊടുവളളി സ്വദേശി മുഹമ്മദ് തുഫൈലൊരുക്കിയ സൈബർ കെണിയായിരുന്നു അത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുകയാണ് പോലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam