
പാലക്കാട്: പാലക്കാട് ഏഴാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ചികിത്സ നൽകാൻ നിൽക്കാതെ കാർ യാത്രക്കാർ രക്ഷട്ടെന്ന് ബന്ധുക്കൾ. നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്താണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് അപകടമുണ്ടായത്. മിഠായി വാങ്ങാനായി പോകുകയായിരുന്നു കുട്ടി. അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.
അപകടം കണ്ട സമീപവാസി കുട്ടിയെ അതേ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ കുട്ടിയെ വാഹനത്തില്‍ കയറ്റി 5 കിലോമീറ്ററോളം മുന്നോട്ട് പോയി. എന്നാല്‍ കുട്ടിയുടെ തലയില്‍ നിന്നും രക്തംവരാന്‍ തുടങ്ങിയതോടെ ടയർ പഞ്ചറായെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവർ കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു.
തുടര്‍ന്ന് സമീപവാസി കുട്ടിയെ മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചുമണിക്ക് അപകടം നടന്നെങ്കിലും ആറരയ്ക്കാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്‍റേതാണ് കാറെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. കാർ പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ ഉടമസ്ഥൻ ഹാജരാക്കിയിട്ടുണ്ട്.
പരമു-കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചയാള്‍
'കാറില്‍തന്നെ ആശുപത്രിയിലേക്ക് എത്തിക്കണമെന്ന് പറഞ്ഞു. കുട്ടിയെ കാറില്‍ കയറ്റി കുറേ ദൂരം മുന്നോട്ട് പോയപ്പോള്‍ കാര്‍ പഞ്ചറായെന്ന് പറഞ്ഞു. വേറൊരു വണ്ടിയില്‍ കയറ്റി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ഫോണ്‍നമ്പര്‍ പോലും തന്നില്ല. കാറില്‍ നേരിട്ടെത്തിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു'. കുട്ടിയെ ഇടിച്ച കാറിലുണ്ടായിരുന്നവരാരും കൂടെ ആശുപത്രിയിലേക്ക് വരാന്‍ കൂട്ടാക്കിയില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച പരമു എന്ന നാട്ടുകാരന്‍ പറഞ്ഞു.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam