Latest Videos

'ബഫര്‍സോണില്‍ സര്‍ക്കാരിന് വീഴ്ച', ജനങ്ങള്‍ക്ക് നല്‍കിയ സമയം അപര്യാപ്‍തമെന്ന് ക്ലിമിസ് കാതോലിക്ക ബാവ

By Web TeamFirst Published Dec 17, 2022, 5:57 PM IST
Highlights

ഹെൽപ്പ് ഡെസ്‍ക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. ജനങ്ങൾക്ക് ആശങ്ക അറിയിക്കാൻ സമയം നീട്ടി നൽകണം.

മുംബൈ: ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ക്രൈസ്തവ സഭകള്‍. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കുറ്റപ്പെടുത്തി. ഹൈല്‍പ് ഡസ്കുകള്‍ രൂപീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. അത് നടപ്പായില്ല. ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച സമയം അപര്യാപ്തമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനങ്ങൾക്ക് ആശങ്ക അറിയിക്കാൻ സമയം നീട്ടി നൽകണം. പ്രതിഷേധങ്ങൾ സ്വാഭാവികമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. പ്രത്യക്ഷ സമരത്തിന്‍റെ ഭാഗമായി മലയോര മേഖലകളില്‍ ജനജാഗ്രത നടത്താനാണ് താമരശേരി രൂപയുടെ നീക്കം.

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്മേലുള്ള തുടര്‍നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണമാണ് ക്രൈസ്തവ സഭകള്‍ ഉന്നയിക്കുന്നത്. ഈ വിഷയത്തില്‍ സഭ നിലപാട് ഇടയലേഖനത്തിലൂടെ വിശ്വാസികളെ അറിയിക്കാനാണ് കെസിബിസി തീരുമാനം. കെസിബിസി നേതൃത്വം നൽകുന്ന കേരള കർഷക അതിജീവന സംയുക്ത സമിതി കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ തിങ്കളാഴ്ച ജനജാഗ്രത യാത്ര നടത്തും. സര്‍ക്കാര്‍ നിയോഗിച്ച വിധഗ്ധ സമിതിക്കെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്തെത്തി. കൃത്യമായ വിവരം സുപ്രീംകോടതിയില്‍ നല്‍കിയില്ലെങ്കില്‍ കോടതി വിധി ജനങ്ങള്‍ക്ക് എതിരാകുമെന്ന് മാര്‍ത്തോമ സഭ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. 

മലയോര മേഖലയില്‍ പ്രതിഷേധം ചൂടുപിടിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയത്. ബഫർ സോണിന്‍റെ പേരിൽ ജനങ്ങളെ ഒറ്റ് കൊടുക്കാൻ ആണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഉപഗ്രഹ സർവേ റിപ്പോർട്ട്‌ അശാസ്ത്രീയമാണ്. ഗ്രൗണ്ട് സർവേ ഉടൻ നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. ബഫർസോൺ സര്‍വേയിലെ വീഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമാണ് റോളെന്ന് പറ‌ഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്രം കർഷകര്‍ക്കൊപ്പമെന്നും വ്യക്തമാക്കി. അതേസമയം പ്രതിഷേധത്തിന് പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യം ചോദ്യം ചെയ്യുകയാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍.

click me!