
കൊച്ചി: സിറോ മലബാർ സഭയിൽ ഭിന്നത പുകയുമ്പോൾ അനുനയനീക്കവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എറണാകുളം - അങ്കമാലി അതിരൂപതയിലെ സഹായ മെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടേന്ത്രത്ത്, മാർ ജോസ് പുത്തൻ വീട്ടിൽ എന്നിവർക്ക് ബിഷപ്പ് ഹൗസിലേക്ക് തിരിച്ചു വരാമെന്ന് കർദിനാൾ വ്യക്തമാക്കി. സഹായ മെത്രാൻ പദവി ഇല്ലാതെ തിരിച്ചു വരാം എന്നാണ് നിർദ്ദേശം. ഫൊറോനാ വികാരിമാരുടെയും കൂരിയ അംഗങ്ങളുടെയും സംയുക്ത യോഗത്തിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഈ നിർദ്ദേശം അവതരിപ്പിച്ചത്.
ഇതിനിടെ, സിറോ മലബാർ സഭയിലെ അൽമായരുടെ യോഗം നാളെ വൈകിട്ട് മൂന്ന് മണിക്ക് കലൂർ റിന്യുവൽ സെന്‍ററിൽ നടക്കും. അതിരൂപതയിൽ അടുത്ത കാലത്തുണ്ടായ വിവാദങ്ങൾ ചർച്ച ചെയ്യുന്നതിനും വിമതവൈദികർക്ക് വിശ്വാസികളുടെ പിന്തുണ പ്രഖ്യാപിക്കുന്നതിനുമാണ് യോഗം.
രൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഞായറാഴ്ച, വിമത വൈദികരുടെ നേതൃത്വത്തിൽ പ്രമേയം വായിക്കാൻ തീരുമാനിച്ചിരുന്നു. വൈദികർക്ക് ഒപ്പം വിശ്വാസികളെയും രംഗത്തിറക്കി കർദിനാളിനെതിരായ പ്രതിഷേധം ശക്തമാക്കുകയാണ് ലക്ഷ്യം. എന്നാൽ വിമതനീക്കത്തെ പ്രതിരോധിക്കാനും പ്രതിഷേധിക്കുന്നവരെ അനുനയിപ്പിക്കാനുമാണ് ഈ നീക്കമെന്നാണ് സൂചന.
സിറോ മലബാർ സഭയുടെ അധ്യക്ഷപദവിയിലേക്കുള്ള കർദിനാളിന്‍റെ തിരിച്ചുവരവിനും സഹായമെത്രാൻമാരെ പുറത്താക്കിയ നടപടിക്കും പിന്നാലെ സഭ മുൻപെങ്ങും കാണാത്ത പ്രതിഷേധത്തിലേക്കാണ് നീങ്ങുന്നത്. മെത്രാൻമാരേയോ വൈദികരേയോ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ തെരുവിൽ ഇറങ്ങുമെന്ന വൈദികരുടെ മുന്നറിയിപ്പിന്‍റെ ആദ്യപടിയെന്നോണമാണ് ഞായറാഴ്ച അതിരൂപതയ്ക്ക് കീഴിലെ ഇടവകകള്‍ തോറും കർദിനാളിനെതിരായ പ്രമേയം വായിക്കുന്നത്. 320 ഇടവകകള്‍ ഉള്ള രൂപതയിലെ 280-ഓളം ഇടവകകളിലും പ്രമേയങ്ങൾ വായിക്കുമെന്നാണ് കർദിനാള്‍ വിരുദ്ധ പക്ഷം അറിയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam