
മലപ്പുറം: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കോൺഗ്രസ് വച്ചു പൊറുപ്പിക്കില്ലെന്നും സതീശൻ പറഞ്ഞു. ഉചിതമായ നടപടി നേതൃത്വം കൈക്കൊള്ളും. കൂടിയാലോചനകൾക്ക് ശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് തീരുമാനം അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അധ്യാപികയുടെ പീഡന പരാതി: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി
അതേസമയം, അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമിച്ചു കടക്കൽ, മർദ്ദിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ യുവ നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്.
കോവളം പൊലീസ് സ്ത്രീയുടെ പരാതിയിൽ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്നതിനിടെ പരാതിക്കാരി കുഴഞ്ഞുവീണു. ഇതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനാൽ പൂർണമായി മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ക്രൈം ബ്രാഞ്ച് ആകും എംഎൽഎക്കെതിരെയുള്ള തുടർ അന്വേഷണം നടത്തുക.
ഒന്നര വർഷത്തിലറെയായി എൽദോസുമായി സൗഹൃദമുണ്ടെന്നാണ് ഇന്നലെ വഞ്ചിയൂർ കോടതിയിൽ അധ്യാപിക മൊഴി നൽകിയത്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. പല സ്ഥലങ്ങളിൽ തന്നെ കൊണ്ട് പോയി പീഡിപ്പിച്ചു. ഇതിനെല്ലാം തെളിവുണ്ട്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിൻറിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. പരാതിയിൽ നിന്ന് പിന്മാറാൻ പൊലീസ് ആവശ്യപ്പെട്ടുവെന്നും പരാതി നൽകിയതിന് ശേഷം ഈ മാസം 9ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും തന്നെ എംഎൽഎ ബലമായി പിടിച്ചിറക്കിയെന്നും അധ്യാപിക കോടതിയിൽ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam