എസ്ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതി; ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് എതിരെ കേസ്

By Web TeamFirst Published Jul 8, 2021, 3:41 PM IST
Highlights

സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. 

കൊച്ചി: എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ കേസ്. ആനി ശിവയുടെ പരാതിയിലാണ് ഐടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം സെന്‍ട്രൽ പൊലീസ് സ്റ്റേഷനില്‍ എസ്ഐ ആയി ആനി ശിവ ചുമതലയേൽക്കുന്നതിന് തൊട്ട് മുമ്പായിരുന്നു സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്. കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവള്‍ മറ്റുള്ളവരുടെ സംരക്ഷണ ചുമതല എങ്ങനെ ഏറ്റെടുക്കും എന്നതായിരുന്ന പ്രധാന ആക്ഷേപം. 

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള അപമാനം പതിവായതോടെയാണ് ആനി ശിവ സംഗീതയ്ക്ക് എതിരെ പരാതി നൽകിയത്. സംഗീതയെ അടുത്തദിവസം ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ജീവിക്കാനായി വര്‍ക്കലയിലെ ബീച്ചിൽ നാരങ്ങ വെള്ളവും ഐസ്ക്രീമും വിറ്റ് നടന്നിരുന്ന ആനി ശിവ അതേ സ്ഥലത്ത് എസ്ഐ ആയി ചാര്‍ജെടുത്ത കഥ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതോടെ  നിരവധി പ്രമുഖർ അഭിനന്ദനവും പിന്തുണയുമായി രംഗത്തെത്തി. തുടര്‍ന്ന് ആനി ശിവയുടെ അഭ്യര്‍ത്ഥനയിലാണ് എറണാകുളത്തേക്ക് സ്ഥലംമാറ്റം നൽകിയത്. കഴിഞ്ഞയാഴ്ച്ചയാണ് ഇവർ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ചാർജെടുത്തത്. 

click me!