
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ കെഎസ്‍യു പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. കെഎസ്‍യു വനിതാ പ്രവർത്തകയടക്കം ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. ഭഗത് എന്ന എസ്എഫ്ഐ പ്രവർത്തകനെ കോളേജിൽ വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഭഗത് ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ വധശ്രമ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് അടക്കമുള്ളവർക്കെതിരായ അക്രമത്തിലാണ് യൂണിവേഴ്സിറ്റി കോളേജിലെ അഞ്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ ജോയിന്‍റെ സെക്രട്ടറി അമൽ മുഹമ്മദ്, വിഘ്നേഷ്, അജ്മൽ, സുനിൽ, ടി.ശംഭു എന്നിവരെയാണ് പാളയത്തെ ഹോസ്റ്റലിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത്.
അക്രമത്തിന്‍റെ ദൃശ്യങ്ങളിൽ നിന്നും ഇവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ആകെ 26 പേർക്കെതിരെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തങ്ങളുടെ പരാതിയിൽ പൊലീസ് കെഎസ് യു പ്രവർത്തകർക്കെതിരെ കേസെടുക്കുന്നില്ലെന്നാണ് എസ്എഫ്ഐയുടെ ആക്ഷേപം.
അതിനിടെ, യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകൻ നിധിൻ രാജിനെ മർദ്ദിക്കുകയും സർട്ടിഫിക്കറ്റും പുസ്കങ്ങളും കത്തിക്കുകയും ചെയ്ത കേസിലെ പ്രതിയായ മഹേഷിനെ ഇതുവരെ പൊലീസ് പിടികൂടിയില്ല. കോളേജിലെ മുൻ ചെയർമാനായിരുന്ന മഹേഷ് 12 വർഷമായി ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റലിലെ താമസക്കാരുടെ വിവരങ്ങൾ ഉടൻ നൽകാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഹോസ്റ്റൽ വാർഡനോട് ആവശ്യപ്പെട്ടു. മഹേഷ് അടക്കം ഹോസ്റ്റലിലെ അനധികൃത താമസക്കാരെ പുറത്താക്കും.
അതിനിടെ കെഎസ്‍യു പ്രവർത്തകരുടെ സസ്പെൻഷനിൽ കോളേജ് പ്രിൻസിപ്പൽ നിലപാട് മാറ്റി. നിധിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കിയ കെഎസ്‍യു പ്രവർത്തകരുടെ സസ്പെൻഷനിൽ അന്തിമ തീരുമാനമെടുത്തില്ലെന്ന് പ്രിൻസിപ്പൽ ഡോക്ടർ കെ മണി അറിയിച്ചു. തിങ്കളാഴ്ച കോളേജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടത്താനിരുന്ന വിദ്യാർത്ഥി സംഘടനകളുടെ യോഗവും മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam