
കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശത്തിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. വിവിധ സംഘടനകൾ വടകര പൊലീസിനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നാണ് ഹരിഹരന്റെ പ്രതികരണം.
ഹരിഹരന്റെ വീടിന് നേർക്ക് വൈകിട്ട് 8.15 ഓടെ ആക്രമണം നടന്നിരുന്നു. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞു. ചുറ്റുമതിലിൽ തട്ടിപ്പൊട്ടിയതിനാൽ അപകടം ഒഴിവായി. വീടിന് നേർക്ക് ആക്രമണം നടത്തിയതിന് പിന്നിൽ സിപിഎം ആണന്നാണ് ഹരിഹരന്റെ ആരോപണം. മാപ്പ് പറഞ്ഞാൽ തീരില്ലെന്ന പി മോഹനന്റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണെമെന്നും സിപിഎം അല്ലാതെ ഇത് വേറെ ആരും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഹരിഹരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉച്ചക്ക് അപരിചിതമായ ഒരു കാർ വീടിന്റെ പരിസരത്ത് വന്നിരുന്നു. വടകര രജിസ്ട്രേഷനുള്ള ചുവന്ന കാറായിരുന്നു ഇതെന്നും ഈ നമ്പർ സഹിതം പോലീസിൽ വിവരമറിയിച്ചിരുന്നു എന്നും ഹരിഹരൻ പറഞ്ഞു. ചിലർ വീടിന്റെ മുന്നിൽ വന്നുനിന്ന് അസഭ്യവർഷവും നടത്തിയിരുന്നുവെന്നും ഹരിഹരൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam