
കൊല്ലം: കായംകുളത്ത് കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയ യുവാക്കളെ ചോദ്യം ചെയ്ത കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് കാറുകളിലായിട്ടാണ് ഇവര്‍ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ഇത് ചോദ്യം ചെയ്ത കുടുബത്തെ യുവാക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നൂറനാട് ഒരു വിവാഹ ചടങ്ങളിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് ഇത്തരത്തിൽ കാറിലിരുന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്തത്.
അന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരു ഇന്നോവ കാറിൽ നാല് യുവാക്കൾ ഡോറിന് മുകളിലിരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൊട്ടുപിന്നാലെ ആർടിഒ ഉദ്യോഗസ്ഥർ കാറിന്റെ ഉടമസ്ഥന്റെ വീട്ടിലെത്തി കാർ കസ്റ്റഡിയിലെടുക്കുകയും യുവാക്കൾക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന ദൃശ്യങ്ങളിൽ ഒന്നല്ല, മൂന്ന് കാറുകളിലായിട്ടാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. കൊല്ലം ചക്കുവളളിയിലെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍.
ഇവരുടെ കാറുകൾക്ക് തൊട്ടുപിന്നാലെയുണ്ടായിരുന്ന കുടുംബം ഇവരെ ചോദ്യം ചെയ്തിരുന്നു. കുടുംബത്തിന്റെ വാഹനത്തിന് സൈഡ് കൊടുക്കാൻ ഇവർ വിസമ്മതിച്ചു. തുടര്‍ന്ന് ഓവർടേക്ക് ചെയ്തതിനെ തുടർന്ന് യുവാക്കൾ കൂട്ടം ചേർന്ന് കുടുംബത്തെ ആക്രമിക്കുകയായിരുന്നു. കുടുംബത്തിലൊരാളുടെ മാലയും അക്രമ സംഭവത്തിനിടെ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവാക്കളോട് നൂറനാട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കാറുകളും ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam