
കണ്ണൂർ: ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശിയാണ് ശരണ്യ. 2020 ഫെബ്രുവരി 17നായിരുന്നു ക്രൂരകൊലപാതകം. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ ശ്രമം. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റിമാൻഡ് കാലയളവ് കഴിഞ്ഞ് ജാമ്യത്തിലായിരുന്നു പ്രതി ശരണ്യ. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്നാണ് ജാമ്യ വ്യവസ്ഥ. ചെന്നൈയിലായിരുന്നു താമസം. ഇന്ന് തളിപ്പറമ്പ് കോടതിയിൽ കേസ് ലിസ്റ്റ് ചെയ്തിരുന്നു. ഹാജരാകാനായി ശരണ്യ ട്രെയിൻ മാർഗം കോഴിക്കോടെത്തി. റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തു. രാവിലെ ആറ് മണിയോടെ, കണ്ണൂരിലേക്ക് പോകാനായി, റെയിൽവേ സ്റ്റേഷനിലെത്തി. അപ്പോഴാണ് റെയിൽവേ സ്റ്റേഷനിലുള്ളവർ അവശനിലയിൽ ശരണ്യയെ കണ്ടത്. വിവരം തിരിക്കിയവരോട്, വിഷം കഴിച്ചു എന്ന് ശരണ്യ പറഞ്ഞു. പിന്നാലെ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. നിലവിൽ ചികിത്സയിലുള്ള ശരണ്യയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല.
തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാനാണ് അമ്മയുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ശരണ്യയുടെ കൊടും ക്രൂരകൃത്യം. ശരണ്യയും ഭര്‍ത്താവ് പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനായ നിധിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുഞ്ഞിന്‍റെ അച്ഛന്‍റെ നേര്‍ക്കാണ് ആദ്യം സംശയമുന നീണ്ടതെങ്കിലും പൊലീസ് സത്യം തെളിയിക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. 'ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഒരു തെളിവ്' എല്ലാ കുറ്റവാളികളും ബാക്കിവയ്ക്കുമെന്ന് പൊലീസ് വിശേഷിപ്പിക്കുന്നതുപോലെ, ഈ കേസില്‍ ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളം ആ തെളിവാകുകയായിരുന്നു.
അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നു. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ആദ്യം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിൽ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസന്വേഷണം വഴിമാറി. ഒടുവില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയാണെന്ന വ്യക്തമാവുകയായിരുന്നു. ഇതിനിടെ ചോദ്യം ചെയ്യലിനിടെ ശരണ്യക്ക് കാമുകന്‍ നിധിന്‍റെ 17 മിസ്കോള്‍ വന്നതും നിര്‍ണായകമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam