തൃശ്ശൂര്‍: പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്.
ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ പൊലീസ് എക്സൈസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥർക്കതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷണൽ എക്സൈസ് കമ്മീഷണറും ശുപാർശ ചെയ്തിട്ടുണ്ട്. ആരോപണവിധേയരായവരെ സര്‍വ്വീസില്‍ നിന്നും ഉടനെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് വിവരം.
യുവാവ് മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചത്. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരിക്കും കേസ് അന്വേഷിക്കുക.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ രഞ്ജിത്തിന്‍റെ മുൻ ഭാര്യയും ബന്ധുക്കളും രംഗത്ത് വന്നിട്ടുണ്ട്. രഞ്ജിത്തിന്‍റെ മരണം കസ്ററഡിയിൽ മർദ്ദനമേറ്റതിനെ തുടർന്നെന്ന് സംശയിക്കുന്നതായും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഉടൻ പരാതി നൽകുമെന്നും മുൻഭാര്യയും ബന്ധുക്കളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രഞ്ജിത്ത് വാഹനത്തിൽവെച്ച് അപസ്മാര ലക്ഷണം കാണിച്ചപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെന്നും പിന്നീട് മരണം സംഭവിച്ചെന്നുമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയിൽ ദുരൂഹതയുണ്ടെന്നാണ് മുൻഭാര്യയും ബന്ധുക്കളും പറയുന്നത്. രഞ്ജിത്തിന് മുൻപൊരിക്കലും അപസ്മാരം ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam