
കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറവിലങ്ങാട് പൊലീസാണ് മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന വകുപ്പ് ചുമത്തി ബിഷപ്പിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്. ഇമാം കൗൺസിൽ നൽകിയ ഹർജിയിലാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി നിർദേശം നൽകിയത്. ഇമാം കൗൺസിലിന് വേണ്ടി അബ്ദുല്‍ അസീസ് മൗലവി അഡ്വ. കെ എന്‍ പ്രശാന്ത്, അഡ്വ. സി പി അജ്മല്‍ എന്നിവര്‍ മുഖേനയാണ് ഹർജി നൽകിയിരിക്കുന്നത്.
നേരത്തേ കുറവിലങ്ങാട് പൊലീസിൽ പാലാ ബിഷപ്പിനെതിരെ പലരും പരാതികൾ നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ കോടതിയെ സമീപിച്ചത്. 153 എ, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകൾ ചുമത്തിയാണ് ബിഷപ്പിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലൗ ജിഹാദിന് പിന്നാലെ പാലാ ബിഷപ്പ് ഉന്നയിച്ച നർക്കോട്ടിക് ജിഹാദ് ആരോപണം രാഷ്ടീയത്തിലും പൊതു മണ്ഡലത്തിലുമുണ്ടാക്കിയ അലയൊലികൾ വലുതായിരുന്നു. ബിഷപ്പിന്‍റെ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ വിമർശനമാണുന്നയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam