നെയ്യാറ്റിൻകര ദമ്പതികളുടെ മരണം: അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

By Web TeamFirst Published Dec 30, 2020, 5:40 PM IST
Highlights

കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്. പൊലീസ് നടപടി തടസപ്പെടുത്തിയതിനും കൊവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധിച്ചതിന്നാണ് കേസ്. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്. പൊലീസ് നടപടി തടസപ്പെടുത്തിയതിനും കൊവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത രാജനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

ചൊവ്വാഴ്ച രാജന്റെ ഭാര്യ അമ്പിളിയുടെ മൃതദേഹവുമായി പൊലീസ് വീട്ടിലേക്ക് വരുമ്പോഴാണ് പ്രതിഷേധമുണ്ടായത്. വൈകീട്ട് 5 മണിയോടെ മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ മൃതദേഹം നെയ്യാറ്റിൻകരയില്‍ എത്തിച്ചപ്പോഴാണ് വീടിന് സമീപത്തുളള റോഡിൽ കുട്ടികളും നാട്ടുകാരും ചേർന്ന് ആംബുലൻസ് തടഞ്ഞത്. ഭൂമിയുമായി ബന്ധപ്പെട്ട് കേസ് നൽകിയ വസന്തക്കെതിരെ നിയമനടപടിയെടുക്കണം, കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടി വേണം, കുട്ടികൾക്ക് സർക്കാർ ജോലി നൽകണം, ഇതേ ഭൂമിയിൽ കുട്ടികൾക്ക് വീട് നൽകണം എന്നിവയായിരുന്നു ആവശ്യങ്ങൾ. 

നെയ്യാറ്റിൻകര ഡിവൈഎസ്പിയും തഹസിൽദാരും അടക്കമെത്തി നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കളക്ടർ നേരിട്ടെത്തി ഉറപ്പുനൽകണമെന്ന് സമരക്കാർ നിലപാടെടുത്തു. രണ്ടര മണിക്കൂറിന് ശേഷം കളക്ടർ എത്തി ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. കേസിൽ നിന്ന് പിന്മാറുന്നുവെന്ന് പരാതിക്കാരി വസന്ത നേരത്തെ വ്യക്തമാക്കിയെങ്കിലും ഭൂമി വിട്ടുനൽകാനാകില്ലെന്ന നിലപാടുമായി പിന്നീട് രംഗത്തെത്തി. ഇതോടെ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് വസന്തയെ സ്ഥലത്ത് നിന്ന് മാറ്റി. തുടര്‍ന്ന് അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു. 

click me!