
കോഴിക്കോട്: കേരളത്തിൽ തെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളവെ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കുന്നു എന്ന ആരോപണം വിവിധ മണ്ഡലങ്ങളിൽ ശക്തമാകുന്നു. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ, ബേപ്പൂർ മണ്ഡലത്തിലും യുഡിഎഫ് നേതാക്കൾ പണം നൽകിയെന്ന പരാതിയുമായി മുൻ കോൺഗ്രസ് പ്രവർത്തകൻ രംഗത്തെത്തി.
മുൻ കോൺഗ്രസ് പ്രവർത്തകനും മാറാട് സ്വദേശിയുമായ സ്വാമിനാഥനാണ് യുഡിഎഫ് നേതാവിനെതിരെ രംഗത്തുവന്നത്. കോൺഗ്രസ് പ്രാദേശിക നേതാവായ രാജീവൻ തിരുവച്ചിറ തനിക്ക് വോട്ട് ഉറപ്പിക്കാനായി പണം നൽകിയെന്നാണ് സ്വാമിനാഥന്റെ ആരോപണം. എന്നാൽ ഈ ആരോപണം രാജീവൻ ശക്തമായി നിഷേധിച്ചു. സ്വാമിനാഥനുമായി തനിക്ക് നേരത്തെ ബന്ധമുണ്ടെന്നും വ്യക്തിപരമായ സഹായം മാത്രമാണ് നൽകിയതെന്നും തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് കണ്ണാടി പഞ്ചായത്തിൽ വോട്ടർക്ക് പണം നൽകിയെന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. തന്നെ വേട്ടയാടാൻ കോൺഗ്രസ് തയ്യാറാക്കിയ തിരക്കഥയാണിതെന്ന് ശോഭ ആരോപിച്ചു. താൻ കണ്ണാടിയിൽ എത്തിയത് ക്യാൻസർ രോഗിയെ കാണാനാണെന്നും തന്റെ കാർ കോൺഗ്രസുകാർ പിന്തുടർന്നതായും അവർ പറഞ്ഞു. തന്റെ കൂടെയുള്ളവരോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയതിനെയാണ് താൻ ചോദ്യം ചെയ്തത്.
ദൃശ്യങ്ങളിൽ കാണുന്ന വെള്ള ചുരിദാർ ഇട്ട സ്ത്രീ തന്റെ കാറിൽ ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. പാലക്കാട്ടെ സംഭവത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. ബിജെപി പ്രവർത്തക പണം നൽകിയിട്ടില്ലെന്ന് വയോധികയും കുടുംബവും ഉദ്യോഗസ്ഥരോട് പറഞ്ഞു. ദൃശ്യങ്ങളിൽ കാണുന്ന പണം വയോധികയുടെ കൈവശം നേരത്തെ ഉണ്ടായിരുന്നതാണെന്നും വീട്ടുകാർ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam