കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്നത് വൻ അഴിമതി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

By Web TeamFirst Published Dec 3, 2020, 9:58 AM IST
Highlights

അഴിമതി സംബന്ധിച്ച കണ്ടെത്തലുകളെ സംസ്ഥാന സർക്കാർ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി സിബിഐ. തെളിവുകൾ ഒന്നൊന്നായി നിരത്തിയിട്ടും  ഐഎൻടിയുസി നേതാവ് ആ‍ർ ചന്ദ്രശേഖരൻ അടക്കമുളളവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ പരിഗണിച്ചില്ലെങ്കിലും പ്രതികളെ കുറ്റവിചാരണ ചെയ്യാനുളള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് സിബിഐ നിലപാട് വ്യക്തമാക്കി.

കശുവണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി ഇറക്കുമതി ഇടപാടിൽ കോടികളുടെ ക്രമക്കേട് നടന്നെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന അധ്യക്ഷനുമായ ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എ രതീഷ് അടക്കമുളളവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സിബിഐ സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സാങ്കേതിക ന്യായങ്ങൾ നിരത്തി ആവശ്യം തളളി. 

സംസ്ഥാന സർക്കാർ നിലപാടിനെതിരെ പൊതുപ്രവർത്തകനായ കടമ്പള്ളി മനോജ് ഹൈക്കോടതിയിൽ സമർപ്പിച്ച സ്വകാര്യ ഹർജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. വലിയ അഴിമതിയാണ് തോട്ടണ്ടി ഇറക്കുമതിയുടെ മറവിൽ സംസ്ഥാനത്ത് നടന്നത്. ഇക്കാര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളുമായി പ്രതികൾ ഗൂഡാലോചന നടത്തി അഴിമതിക്ക് കളമൊരുക്കി. കോടികളുടെ നഷ്ടമാണ് ഇതുവഴി ഖജനാവിന് ഉണ്ടായതെന്ന് സിബിഐ പറയുന്നു. 

കാരണക്കാരായ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയിട്ടും സംസ്ഥാന സർക്കാർ അനുവദിച്ചില്ലെന്നും. തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെ തെറ്റായ വ്യാഖ്യാനങ്ങൾ നടത്തി പ്രോസിക്യൂഷൻ അനുമതി നിരസിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നുമാണ് സിബിഐ ആക്ഷേപം. ആർ ചന്ദ്രശേഖറേയും കെ എ രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി തന്നില്ലെങ്കിലും മുന്നോട്ടു പോവുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. 

ഔദ്യോഗിക ചുമതലകളോ പദവികളോ  വഹിക്കുന്നവരെ അഴിമതിക്കേസിൽ പ്രതി ചേർക്കണമെങ്കിൽ സർക്കാർ അനുമതി വേണമെന്നാണ് പുതിയ വ്യവസ്ഥ. എന്നാൽ കശുവണ്ടി വികസന കോർപറേഷിനിലെ  അഴിമതി നടന്നത് ഈ ഉത്തരവിനും മുമ്പായതിനാൽ പ്രോസിക്യൂഷൻ നടപടികളുമായി സ്വന്തം നിലയിൽ മുന്നോട്ട് പോകുന്നതിന് തടസമില്ലെന്നാണ് സിബിഐ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും. 

click me!