
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച നിലപാടിൽ സർക്കാരിന്‍റെ ഒളിച്ചുകളി തുടരുന്നു. ഇക്കാര്യത്തിൽ മറുപടി നൽകാൻ ഹൈക്കോടതിയിൽ കൂടുതൽ സമയം തേടി. ഈ മാസം 17നകം മറുപടി നൽകാമെന്നാണ് സിംഗിൾ ബെഞ്ചിനെ അറിയിച്ചത്. കശുവവണ്ടി ഇറക്കുമതി അഴിമതിയിൽ പ്രതികളായ കോൺഗ്രസ് നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എം ഡി, കെ. എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നാണ് സിബിഐയുടെ ആവശ്യം. ഇക്കാര്യം നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ പൊതുപ്രവർത്തകനായ മനോജ് കടകമ്പള്ളി സമർപ്പിച്ച ഹർജിയെത്തിയത്. അഴിമതി നടന്നിട്ടില്ലെന്നും ഇരുപ്രതികളേയും പ്രോസിക്യൂട്ട് ചെയ്യാനുളള തെളിവുകൾ സിബിഐയുടെ പക്കൽ ഇല്ലെന്നുമാണ് സർക്കാർ നിലപാട്. ആരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടതി അടുത്തയിടെ ചോദിച്ചിരുന്നു.