ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീംകോടതി, തീരുമാനിക്കേണ്ടത് പാര്‍ലമെന്റെന്നും പരാമ‍ര്‍ശം

By Web TeamFirst Published Mar 26, 2021, 1:37 PM IST
Highlights

സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാര്‍ലമെന്‍റാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി പറഞ്ഞു

ദില്ലി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീംകോടതി പരാമര്‍ശം. സാമ്പത്തിക സംവരണമായിരിക്കും നിലനിൽക്കുക എന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്‍റാണെന്നും സുപ്രീംകോടതി പരാമര്‍ശിച്ചു. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജാതി സംവരണ ഇല്ലാതായേക്കാമെന്ന സുപ്രീംകോടതി പരാമര്‍ശം.

സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാര്‍ലമെന്‍റാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. പരിഷ്കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാൾ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം എന്ന വാദങ്ങൾ സ്വീകരിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. 

സംവരണ പരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ 1992 ലെ മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണോ എന്നതിൽ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി. സംവരണ പരിധി 50 ശതമാനം കടക്കാൻ പാടില്ലെന്നാണ് ഇന്ദിരാസാഹിനി കേസിലെ വിധി. ആ തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളുടെ വാദം. 

ഇന്ദിരാസാഹിനി കേസിൽ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു പരിഗണിച്ചിരുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥ കൂടി പരിഗണിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നു. സംവരണം തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകൾക്ക് ഭരണഘടനയുടെ പതിനഞ്ച്, പതിനാറ് അനുഛേദങ്ങൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരത്തിലുള്ള കടന്നുകയറ്റമാണ് 102-ാം ഭരണഘടന ഭേദഗതിയെന്ന് മഹാരാഷ്ട്ര സര്‍ക്കാരും വാദിച്ചു. 

click me!