
തൃശ്ശൂർ: കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് വെള്ളാപ്പള്ളി നടേശൻ. കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ആളുകള്‍ക്കെതിരെ നടപടി വേണമെന്നും ദുഷ്ടചിന്ത വെച്ചു പുലർത്തുന്ന തന്ത്രിമാരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്നും വെളളാപ്പള്ളി പറഞ്ഞു. ജാതിയുടെ പേരിൽ ഒരാളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
സർക്കാർ നിയോഗിച്ച റിക്രൂട്ട്മെന്റ് ബോർഡാണ് നിയമിക്കുന്നത്. കഴകംകാരനെ ഓഫീസിലേക്ക് താത്കാലികമായി മാറ്റിയിട്ടുണ്ട്, നിലവിലെ പ്രശ്നം പരിഹരിക്കാനാണ് അങ്ങനെ ഒരു മാറ്റം നടത്തിയത് എന്നാണ് ക്ഷേത്രത്തിൽ നിന്ന് അറിയിച്ചത്. ഉത്സവത്തിന് ശേഷം തിരികെ കഴകക്കാരൻ ആക്കും എന്നാണ് അറിയിച്ചത്. അങ്ങനെ തിരികെ കഴകക്കാരന്റെ ചുമതല നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഹിന്ദു ഐക്യം തകർക്കാൻ ഇറങ്ങിയവരാണ് ആ കുലംകുത്തികൾ. ഇത്തരം പ്രവണതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ. ഇനിയും കേരളത്തിൽ, അമ്പലത്തിൽ എന്നല്ല സമൂഹത്തിൽ തന്നെ ഇല്ലാതിരിക്കട്ടെ. ഇങ്ങനെ ഒരു നടപടി ഉണ്ടാകാൻ കാരണക്കാരായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആളുകൾക്കെതിരെ നടപടി വേണം. ഇത്തരം പ്രവണതകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. തന്ത്രിമാരാണ് എല്ലാത്തിനും സർവാധിപതി എന്ന് കരുതരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎം നവകേരള നയരേഖ നല്ലതാണെന്നും നടപ്പിലാക്കിയാൽ കൊള്ളാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.