വനാതിര്‍ത്തിയിലെ ബഫർ സോൺ: സുപ്രീംകോടതി ഉത്തരവിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ

Published : Jun 08, 2022, 07:15 AM ISTUpdated : Jun 08, 2022, 07:48 AM IST
വനാതിര്‍ത്തിയിലെ ബഫർ സോൺ: സുപ്രീംകോടതി ഉത്തരവിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ

Synopsis

കോടതിയിൽ കർഷക പക്ഷത്തുനിന്ന് വാദിക്കാൻ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും കസ്തൂരിരംഗൻ വിഷയത്തിലും ഇത് കണ്ടതാണെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. അഞ്ച് ലക്ഷത്തോളം വരുന്ന കുടിയേറ്റ ജനതയെ തകർത്തെറിയുന്ന വിധിയാണിത്. നീതിക്കായി സഭ മുന്നിൽ നിന്ന് സമരം നയിക്കുമെന്നും പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

കണ്ണൂര്‍:  വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ. കോടതിയിൽ കർഷക പക്ഷത്തുനിന്ന് വാദിക്കാൻ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും കസ്തൂരിരംഗൻ വിഷയത്തിലും ഇത് കണ്ടതാണെന്നും തലശ്ശേരി  അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. അഞ്ച് ലക്ഷത്തോളം വരുന്ന കുടിയേറ്റ ജനതയെ തകർത്തെറിയുന്ന വിധിയാണിത്. നീതിക്കായി സഭ മുന്നിൽ നിന്ന് സമരം നയിക്കുമെന്നും പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കസ്തൂരിരംഗന്‍ വിഷയത്തിലും സമാനമായ പരാജയം സര്‍ക്കാരിനുണ്ടായി. വേണ്ട രീതിയില്‍ ഗൃഹപാഠം ചെയ്യാത്ത സര്‍ക്കാര്‍ വക്കീലന്മാര്‍ പരാജയമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 

അതിനിടെ, പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിൽ തുടർനടപടികൾ ആലോചിക്കാനായി ഇന്ന് വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം നടക്കും. രാവിലെ 11.30നാണ് യോഗം. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പുറമേ നിയമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എജിയും അഭിഭാഷകരും യോഗത്തിൽ പങ്കെടുക്കും. ജനവാസ മേഖലകളെ ബാധിക്കാത്ത തരത്തിൽ ഉത്തരവ് മറികടക്കാനുള്ള മാർഗങ്ങൾ തേടാനായാണ് യോഗം. കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ലാത്തതിനാൽ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനം ഇപ്പോൾ ആലോചിക്കുന്നില്ല.

കേന്ദ്രത്തെ വിവരങ്ങൾ ധരിപ്പിച്ചതിന് ശേഷം, കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കിൽ കക്ഷി ചേരുന്നതിനുള്ള സാധ്യതകളാണ് സംസ്ഥാനം ആലോചിക്കുന്നത്. അതേസമയം, സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ചില മേഖലകളിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് പാടില്ല. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്. അതനുസരിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. ഹൈറേ‌ഞ്ച് സംരക്ഷണസമിതി ഈ ഉത്തരവിനെതിരെ വലിയ സമരാഹ്വാനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. 

അതേസമയം, പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ  കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിയമപരിശോധന തുടങ്ങി. സംസ്ഥാനങ്ങളുടെ ആശങ്കയിൽ അനുഭാവപൂർവ്വമായ പരിഗണനയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അന്തിമഉത്തരവിൽ പുനപരിശോധന ഹർജി നൽകുന്നതടക്കം ചർച്ച ചെയ്യുന്നതായി വനം പരിസ്ഥിതി മന്ത്രാലയ വ്യത്തങ്ങൾ സൂചിപ്പിച്ചു

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ഉത്തരവ് പുറത്ത വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് ജനവാസമേഖലകളെ സംബന്ധിച്ച് ഉയരുന്നത്. എന്നാൽ ഈ ആശങ്കയിൽ അനുഭാവപൂർവ്വമായ സമീപനമാണെന്നാണ് കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. ഉത്തരവ് മന്ത്രാലയത്തിന്റെ നിയമവിഭാഗം പരിശോധിക്കുകയാണ്. ഇതിൽ കേന്ദ്രത്തിന് പിടിവാശിയില്ലെന്നും പരാമവധി സംസ്ഥാനങ്ങൾക്ക് അനൂകൂലമായ നിലപാട് സുപ്രീം കോടതിയിൽ നിന്നും നേടാനുള്ള ഇടപെടലുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഉന്നതാധികാരസമിതി വഴിയോ കേന്ദ്രം നേരിട്ടോ സുപ്രീം കോടതിയെ സമീപിക്കും. അന്തിമഉത്തരവിൽ പുനപരിശോധന ഹർജി കേന്ദ്രം നേരിട്ടു നൽകുന്ന കാര്യവും പരിഗണനയിലാണ്. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയുണ്ടെന്നാണ വനം പരിസ്ഥിതി മന്ത്രിയുടെയും വിലയിരുത്തൽ. ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ദില്ലി, ഭുവനേശ്വർ അടക്കം നഗരങ്ങളുടെ തുടർവികസനത്തെ തടസ്സപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതെസമയം കേരളത്തിലെ ആശങ്ക സംബന്ധിച്ച് രേഖാമൂലം അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'
വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു