പാവറട്ടി കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

By Web TeamFirst Published Aug 28, 2020, 2:25 PM IST
Highlights

പല സാക്ഷിമൊഴികളും വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തിൽ  ബോധ്യപ്പെട്ടു. 2019 ഒക്ടോബര്‍ ഒന്നിനാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിച്ചത്.

തൃശ്ശൂര്‍: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ലഹരി വസ്‍തുക്കള്‍ വിൽപ്പന നടത്തിയതിന് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഉദ്യോഗസ്ഥർ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഗുരുവായൂർ, പാവറട്ടി, എന്നിവടങ്ങളിലെത്തി സിബിഐ സംഘം തെളിവെടുപ്പ് നടത്തി.

സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്‍പി നന്ദകുമാരൻ നായർ, ഡിവൈഎസ്‍പി അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സിബിഐ സംഘം ആദ്യമെത്തിയത് കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്ത ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാന്‍റ് പരിസരത്തായിരുന്നു. കേസിൽ ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവർമാരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

തുടർന്ന് രഞ്ജിത്തിനെ എക്സൈസ് സംഘം മർദ്ദിച്ച പാവറട്ടിയിലെ കള്ള് ഗോഡൗണിലുമെത്തി തെളിവെടുത്തു. പല സാക്ഷിമൊഴികളും വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തിൽ  ബോധ്യപ്പെട്ടു. 2019 ഒക്ടോബര്‍ ഒന്നിനാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിച്ചത്. രഞ്ജിത്തിന് മര്‍ദ്ദനമേറ്റന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്‍മിബിന്‍, എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍, ബെന്നി, ഉമ്മര്‍ സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് പ്രതികള്‍. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്.
 

click me!