
മലപ്പുറം: നിലമ്പൂർ പാരമ്പര്യ വൈദ്യന്‍ കൊലക്കേസ് സൂത്രധാരന്‍ ഷൈബിന്‍ അഷ്റഫ് പ്രതിയായ അബുദാബിയിലെ ഇരട്ട ദുരൂഹമരണങ്ങള്‍ സി ബി ഐ ഏറ്റെടുക്കും. കേസിന്‍റെ ഫയലും മറ്റ് അനുബന്ധ രേഖകളും സി ബി ഐക്ക് കൈമാറാനുള്ള നടപടികള്‍ കേസ് അന്വേഷിച്ചിരുന്ന നിലമ്പൂര്‍ പൊലീസ് തുടങ്ങി. അടുത്ത ദിവസം തന്നെ സി ബി ഐ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷണ വിവരങ്ങള്‍ ഏറ്റുവാങ്ങി കേസ് രജിസറ്റര്‍ ചെയ്യും. ഷൈബിന്‍ അഷ്റഫിന്‍റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസ്, സഹപ്രവര്‍ത്തക ഡെന്‍സി എന്നിവരെയാണ് 2020 തില്‍ അബുദാബിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസിന്‍റെ ബന്ധുക്കളുടെ ഹര്‍ജിയിലാണ് അന്വേഷണം ഹൈക്കോടതി സി ബി ഐക്ക് വിട്ടത്. പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് കൊലക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിനെതിരായ കൂട്ടു പ്രതികളുടെ വെളിപ്പെടുത്തലുകളാണ് ഇരട്ട കൊലപാതകത്തിലേക്കുള്ള വെളിച്ചം വീശിയത്. രണ്ട് പേരുടെയും മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.
2020 മാര്‍ച്ച് 5 നാണ് ഷൈബിന്‍റെ ബിസിനസ് പങ്കാളിയായ ഹാരിസിനെയും ജീവനക്കാരിയായ യുവതിയെയും അബുദാബിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യലഹരിയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നായിരുന്നു അബുദാബി പൊലീസിന്‍റെ
കണ്ടെത്തല്‍. രണ്ട് വര്‍ഷത്തിന് ശേഷമാണ് വൈദ്യന്‍ കൊലക്കേസില്‍ നാടകീയമായി ഷൈബിന്‍ അഷ്റഫ് പിടിയിലാകുന്നത്. അബുദാബിയിലെ മരണങ്ങളില്‍ ഷൈബിന് പങ്കുണ്ടന്ന് ഈ കേസിലെ കൂട്ടു പ്രതികള്‍ മൊഴി നല്‍കിയിരുന്നു. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നായിരുന്നു പൊലീസിന് ലഭിച്ച മൊഴികള്‍. രണ്ടുപേരുടെയും മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.