
കോട്ടയം: സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ തുടക്കമായി. ജോസ് കെ മാണി എംപിയാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. സ്റ്റേറ്റ്, സിബിഎസ്ഇ കലോത്സവങ്ങൾ ഒന്നിച്ചു നടത്തുന്നതിനെപ്പറ്റി സർക്കാരും മാനേജ്മെൻ്റുകളും ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പതിനായിരത്തിലധികം വിദ്യാർത്ഥികളാണ് 140 ഇനങ്ങളിൽ 35 വേദികളിൽ മാറ്റുരയ്ക്കുന്നത്. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സിന്‍റെ ആഭിമുഖ്യത്തിലാണ് സിബിഎസ്ഇ സംസ്ഥാന കലോത്സവം നടക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സന്തോഷ് ജോർജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ലേബർ ഇന്ത്യ സ്കൂൾ പ്രിൻസിപ്പാൾ സുജ കെ ജോർജ്, ലേബർ ഇന്ത്യ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ജോർജ് കുളങ്ങര, ലേബർ ഇന്ത്യാ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, കോൺഫെഡറേഷൻ ഓഫ് സഹോദയാ പ്രസിഡന്റ് ജോജി പോൾ, സ്റ്റീം അക്കാദമി പ്രസിഡന്റ് ഡോ.എ പി ജയരാമൻ, ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ, കോർ കമ്മറ്റി കൺവീനർ ബെന്നി ജോർജ്, ഫാ. ജോർജ് പുഞ്ചയിൽ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സിലബസിലെയും സിബിഎസ്ഇയിലെയും കലോത്സവങ്ങൾ ഒന്നിച്ച് ഒരു വേദിയിൽ നടത്തുന്നതിനെപ്പറ്റി സംസ്ഥാന സർക്കാരും മാനേജ്മെൻ്റുകളും ചിന്തിക്കണമെന്ന് ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു. രണ്ട് സിലബസുകളിലെയും കലാ പ്രതിഭകൾ ഒന്നിച്ച് മത്സരിക്കുമ്പോഴാണ് യഥാർത്ഥ പ്രതിഭകളെ തിരിച്ചറിയാൻ സാധിക്കുക. അത്തരത്തിൽ കൂട്ടായ്മയിലൂടെ സമൂഹത്തിലെ കൂടുതൽ ശക്തമായ കലാ പ്രതിഭകൾ ഉണ്ടാകും. കല മനുഷ്യന്‍റെ ആത്മാവിന്‍റെ ഭാഗമാണ്. കലയ്ക്ക് മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല. അത്രമാത്രം ശക്തി കലയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam