
ദില്ലി: തൃശൂരിലെ നാട്ടിക നിയമസഭാ മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. നാട്ടികയിൽ മത്സരിക്കുന്നതിനായി സിപിഐ വിട്ട സിസി മുകുന്ദൻ എംഎൽഎ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. സിസി മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. സുനിൽ ലാലൂര്‍ ആയിരിക്കും നാട്ടികയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുക. കോണ്‍ഗ്രസും കൈവിട്ടതോടെ സിസി മുകുന്ദന്‍റെ അടുത്ത നീക്കവും നിര്‍ണായകമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതോടെ നാട്ടികയിൽ സിസി മുകുന്ദൻ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യതയും ഏറി.
സിസി മുകുന്ദൻ ദില്ലിയിൽ പോയി സണ്ണി ജോസഫുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സഹകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കാമെന്ന മറുപടിയാണ് നേതാക്കള്‍ നൽകിയത്. കോണ്‍ഗ്രസിനോട് സഹകരിക്കാനുള്ള താൽപര്യം മുകുന്ദൻ നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ, മുകുന്ദനുമായി സഹകരിക്കുന്നതിൽ പ്രാദേശിക എതിര്‍പ്പ് ശക്തമായിരുന്നു. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ തീരുമാനിച്ചതെന്നാണ് സൂചന. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്നും ഭീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടകിയിൽ ആദ്യ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പേരുകള്‍ മാത്രമായിരിക്കും ഇന്ന് പുറത്തുവിടുക. കോണ്‍ഗ്രസിന്‍റെ അടുത്ത തെരഞ്ഞെടുപ്പ് സമിതിയോഗം നാളെയായിരിക്കും നടക്കുക. സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ചേർന്ന് പരമാവധി ഒറ്റപേരുകളിലെത്താൻ നിർദ്ദേശം നൽകി. ഇതിനിടെ, കൊല്ലത്തെ ചടയമംഗലം സീറ്റിനായി ആർ ചന്ദ്രശേഖരൻ ഹൈക്കമാൻഡിനെ സമീപിച്ചു. മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടിയാണ് ചന്ദ്രശേഖര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചത്. ചടയമംഗലത്ത് സ്ഥാനാര്‍ത്ഥിയാകുന്നതിൽ ചന്ദ്രശേഖരനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
ചടയമംഗലം സീറ്റ് ആവശ്യപ്പെട്ട് ലീഗ് രംഗത്തുണ്ട്. ചടയമംഗലം കൊടുത്താൽ ലീഗിന്‍റെആവശ്യം പരിഗണിച്ചെന്നുമായി ആർ. ചന്ദ്രശഖരനെ സ്ഥാനാർത്ഥിയാക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ നടക്കുന്ന പോരും അവസാനിപ്പിക്കുകയും ചെയ്യാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.
ഇതിനിടെ, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ വൈകിട്ട് ഉണ്ടാകും. ഇടുക്കി സീറ്റിൽ ഉള്‍പ്പെടെ വിട്ടുവീഴ്ച ഉണ്ടായേക്കുമെന്നും ഇടുക്കി വിട്ടുകൊടുക്കുന്നതിൽ ചില പ്രയാസങ്ങള്‍ ഉണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. നിലവിലുള്ള പത്ത് സീറ്റുകൾ ഇന്നലത്തെ ചർച്ചയിൽ ആവശ്യപ്പെട്ടു. മത്സരിക്കുമോ എന്ന ചോദ്യത്തിന് എല്ലാം പിന്നെ അറിയിക്കാമെന്നും പിജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസിന് എട്ട് സീറ്റ് നൽകാമെന്നാണ് അന്തിമ ധാരണയെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam