തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘം പകർത്തി തുടങ്ങി. എക്സ്റ്റേർണൽ ഹാർഡ് ഡിസ്കിലേക്കാണ് ദൃശ്യങ്ങൾ പകർത്തുന്നത്. ജുലൈ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. സെക്രട്ടേറിയിലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിക്ക് എൻഐഎ നേരത്തെ കത്ത് നൽകിയിരുന്നു. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും കൈമാറണമെന്ന് അറിയിച്ചാണ് എൻഐഎ കത്ത് നൽകിയിരുന്നത്..
പൊതുഭരണത്തിലെ ഹൗസ് കിപ്പിംഗിന്‍റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിക്കാണ് നോട്ടീസ് നൽകിയത്. സെക്രട്ടറിയേറ്റിലെ സിസിടിവികൾക്ക് ഇടിമിന്നലിൽ കേട് വന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പത്ത് മാസം വരെയുള്ള ദൃശ്യങ്ങൾ ശേഖരിക്കാനാകുമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപമുള്ള സിസിടിവികൾക്കാണ് കേട് സംഭവിച്ചതെന്നും അതി പരിഹരിച്ചുവെന്നും ഉദ്യോഗസ്ഥർ മറുപടി നൽകിയിട്ടുണ്ട്.
അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കരനെ കൊച്ചിയിലെ ഓഫീസിൽ എൻഐഎ ചോദ്യം ചെയ്യുകയാണ്. പേരൂര്‍ക്കട പൊലീസ് ക്ലബില്‍ നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. അതിനിടെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറിൽ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ ലോക്കറിൽ നിന്ന് കണ്ടെടുത്തിരുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകൾക്ക് കസ്റ്റംസ് നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam