
കോഴിക്കോട് : തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൃത്യം നടന്നതിന് ശേഷം വഴിയിലൂടെ നടന്നു പോകുന്ന സഹോദരൻ പ്രമോദിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷമുള്ള ദൃശ്യമാണിതെന്നാണ് സൂചന. നാടിനെ നടക്കിയ ക്രൂര കൊലപാതകങ്ങൾ നടന്ന് രണ്ട് ദിവസമായിട്ടും പ്രമോദിനെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി ഇന്നലെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ കൃത്യം നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയുള്ളു.
72കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. ഒരുമിച്ച് താമസിക്കുന്ന മൂന്ന് സഹോദരങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടനിലയിലും ഒരാളെ കാണാനുമുണ്ടായിരുന്നില്ല. ഇതോടെയാണ് സഹോദരിമാരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രമോദ് രക്ഷപ്പെട്ടുവെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
പ്രായമായ സഹോദരിമാരെ പരിചരിക്കാൻ ആരുമില്ലാത്തതിനാലാണ് പ്രമോദ് കൊടും ക്രൂരത ചെയ്തതെന്നാണ് സംശയിക്കുന്നത്. മൂന്ന് സഹോദരങ്ങളും അവിവാഹിതരാണ്. കരിക്കാംകുളത്ത് വാടക വീട്ടിലായിരുന്നു താമസം. ശ്രീജയയ്ക്കും പുഷ്പലളിതയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.
കരിക്കാംകുളത്തെ ഫ്ലോറിക്കന്‍ റോഡിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂവരം വാടകയ്ക്ക് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ട് മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ പ്രമോദും ഇവരുടെ കൂടെയായിരുന്നു താമസം. ഒരു സഹോദരി മരിച്ചെന്നും വീട്ടിലെത്തണമെന്നും രാവിലെ അഞ്ചരയോടെ പ്രമോദ് ബന്ധുക്കളിലൊരാളെ വിളിച്ചറിയിക്കുകയായിരുന്നു. ബന്ധു വീട്ടില്‍ വന്ന് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ള പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രമോദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.