സെന്‍സസ് ഏപ്രിലില്‍ തുടങ്ങും: പൗരത്വ രജിസ്റ്ററിന് 2020-ന് ശേഷം മാത്രം സാധ്യത

Web Desk   | Asianet News
Published : Dec 21, 2019, 12:20 PM ISTUpdated : Dec 21, 2019, 12:22 PM IST
സെന്‍സസ് ഏപ്രിലില്‍ തുടങ്ങും: പൗരത്വ രജിസ്റ്ററിന് 2020-ന് ശേഷം മാത്രം സാധ്യത

Synopsis

ദേശീയ പൗരത്വ രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജനസംഖ്യ കണക്കെടുപ്പ് ജോലികള്‍ ഇതിനോകം രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. 

ദില്ലി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ എന്‍ഡിഎയ്ക്ക് ഉള്ളില്‍ തന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡങ്ങളില്‍ അയവ് വരുത്തിയേക്കും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയില്ലെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങളിലുണ്ടായ ആശങ്ക പരിഹരിക്കാനും ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് അഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് സംസാരിക്കുമ്പോള്‍ ഇപ്പോള്‍ അസമില്‍ നടപ്പാക്കിയ പൗരത്വ രജിസ്റ്റര്‍ ഉടനെ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതാണ് ബിജെപി സഖ്യകക്ഷികളായ ജെഡിയുവിനേയും ലോക്ജനശക്തി പാര്‍ട്ടിയും അടക്കമുള്ള കക്ഷികളെ അടക്കം ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ രംഗത്ത് എത്തിച്ചത്. 

അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയപ്പോള്‍ 1971 അടിസ്ഥാന വര്‍ഷമായാണ് വിവരശേഖരണം നടത്തിയത്. രാജ്യവ്യാപകമായി ഇതേ രീതിയില്‍ പൗരത്വരജിസ്റ്റര്‍ നടപ്പാക്കിയാല്‍ ജാതിമതദേഭമന്യേ രാജ്യത്തെ കോടിക്കണക്കിനാളുകള്‍ പൗരത്വ പട്ടികയ്ക്ക് പുറത്തു പോകുമെന്ന ആശങ്ക വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.  എന്‍ഡിഎയ്ക്ക് ഉള്ളില്‍ നിന്നും പോലും ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉയരുന്നുണ്ട്. 

വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുസ്ലീം വിഭാഗത്തിന് ബില്ലുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കാന്‍ തയ്യാറാണെന്നും അഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അനൗദ്യോഗികമായി പല വിവരങ്ങളും കേന്ദ്ര അഭ്യന്തരമന്ത്രാലയം നല്‍കുന്നുണ്ടെങ്കിലും ഔദ്യോഗികമായി കാര്യമായ വിവരങ്ങളൊന്നും വരുന്നില്ല.  പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതിനായി 1971-ന് മുന്‍പിലെ രേഖകള്‍ ആരും കാണിക്കേണ്ടതില്ലെന്നും രേഖകള്‍ ഇല്ലാത്തവര്‍ക്ക് ജനപ്രതിനിധികളുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പൗരത്വ പട്ടികയില്‍ ഇടം നേടാന്‍ അവസരമൊരുക്കുമെന്നും അഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നുണ്ട്. 

അതേസമയം ദേശീയ പൗരത്വ രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ജനസംഖ്യ കണക്കെടുപ്പ് ജോലികള്‍ രാജ്യത്ത് നടന്നു വരികയാണ്. സെന്‍സസ് രജിസ്ട്രാര്‍ ജനറലിന്‍റെ നേതൃത്വത്തിലാണ് നടപടികള്‍ മുന്നോട്ട് നീങ്ങുന്നത്. 2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാവും രാജവ്യാപകമായി സെന്‍സസ് നടപടികള്‍ നടക്കുക. ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് 2021-ലാവും സെന്‍സസ് പട്ടിക പ്രസിദ്ധീകരിക്കുത. അതിനോടൊപ്പമായിരിക്കും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. സെന്‍സസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കും എന്നാണ് സൂചന. 

ഇന്നലെ ഒരു പൊതുചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായില്‍ നിന്നും പ്രതികരണമൊന്നുമുണ്ടായില്ലെങ്കിലും ഉന്നതതലയോഗം വിളിച്ച അമിത് ഷാ ക്രമസമാധാന നില അവലോകനം ചെയ്തു. പിന്നീട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും സംസാരിച്ച അമിത് ഷാ ആവശ്യമെങ്കില്‍ അവിടേക്ക് കൂടുതല്‍ അര്‍ധ സൈനികരെ വിന്യസിക്കാമെന്ന് യോഗിയെ അറിയിച്ചതായാണ് വിവരം. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്