'ദാവൂദ് അൽ അറബി': സ്വർണക്കടത്തിലെ മാസ്റ്റർ ബ്രെയിനിലേക്ക് കേന്ദ്ര ഏജൻസികൾ, ആൾ മലയാളിയെന്നും സംശയം

By Web TeamFirst Published Oct 27, 2020, 1:02 PM IST
Highlights

സ്വർണക്കടത്തിൻ്റെ കേന്ദ്രബിന്ദു യുഎഇ പൗരനായ ദാവൂദ് അൽ അറബിയെന്ന് കെടി റമീസിൻ്റെ മൊഴി. ഇയാൾ യുഎഇ പൗരനെന്നും ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും റമീസ്,

കൊച്ചി: സ്വ‍ർണക്കടത്തിൻ്റെ സുപ്രധാന കണ്ണിയാരെന്ന ചോദ്യത്തിനുള്ള ഉത്തരം കേന്ദ്ര ഏജൻസികൾ കണ്ടെത്തിയതായി സൂചന. ഒരു യുഎഇ വ്യവസായിയാണ് കേരളത്തിലേക്കുള്ള സ്വർണക്കടത്തിൻ്റെ പ്രധാന ആസൂത്രകൻ എന്നാണ് കേസിലെ പ്രതി കെടി റമീസ് കസ്റ്റംസിന് നൽകിയിരിക്കുന്ന മൊഴി.ഇതാദ്യമായി ഇങ്ങനെയൊരാളെക്കുറിച്ചുള്ള സൂചന അന്വേഷണ ഏജൻസി നൽകുന്നത്. 

കേരളത്തിലേക്കുള്ള സ്വർണക്കടത്തിൻ്റെ ഉറവിടം ആരാണെന്നത് തുടക്കം മുതൽ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. ദുബായിൽ നിന്നും കേരളത്തിലേക്ക് സ്വർണം പല മാർഗ്ഗങ്ങളിലൂടെ അയച്ചത് കെടി റമീസും ഫൈസൽ ഫരീദും അടക്കമുള്ളവർ ചേർന്നാണ്. സ്വർണം വാങ്ങാൻ ഇവർക്ക് ഫണ്ട് ചെയ്ത പല ബിസിനസുകാരും സ്വർണം നയതന്ത്ര ചാനലിലൂടേയും മറ്റുമായി കസ്റ്റംസിനെ വെട്ടിച്ച് കേരളത്തിൽ ഇറക്കുകയും ചെയ്ത സ്വപ്ന സുരേഷ് അടക്കമുള്ളവരും ഇതിനോടകം  അറസ്റ്റിലായിട്ടുണ്ട്.

എന്നാൽ കെ.ടി.റമീസും ഫൈസൽ ഫരീദും അടങ്ങിയ സംഘത്തിന് ഇത്രയേറെ സ്വർണം നിയമവിരുദ്ധമായി ശേഖരിച്ചു നൽകുന്നതാര് എന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. ഈ ദുരൂഹതയിലേക്കാണ് കെ.ടി.റമീസിൻ്റെ മൊഴി വെളിച്ചം വീശുന്നത്. യുഎഇ പൗരനായ ദാവൂദ് അൽ അറബി എന്നയാളിൽ നിന്നാണ് തങ്ങൾ സ്വർണം കിട്ടി കൊണ്ടിരുന്നത് എന്നാണ് റമീസിൻ്റെ മൊഴി. ഇതിനോടകം 12 തവണ ഇയാളിൽ നിന്നും സ്വർണം വാങ്ങി കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും റമീസിൻ്റെ മൊഴിയിൽ പറയുന്നുണ്ട്. 

ഇത്രയേറെ സ്വർണം ഇയാളിൽ നിന്നും വാങ്ങിയെങ്കിലും ഇതുവരേയും ദാവൂദ് അൽ അറബിയെ താൻ നേരിൽ കണ്ടിട്ടില്ലെന്നും കസ്റ്റംസിന് നൽകിയ മൊഴിയിൽ റമീസ് പറയുന്നു. കേരളത്തിലെ പലരിൽ നിന്നുമായും സ്വന്തം നിലയ്ക്കും ശേഖരിക്കുന്ന പണം ഉപയോഗിച്ചാണ് റമീസും സംഘവും സ്വർണം വാങ്ങിയത്. ഈ പണം സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ഷാഫിക്കാണ് താൻ നൽകുന്നത്. ഷാഫിയിൽ നിന്നും ഈ പണം ഷമീർ എന്നയാൽ കൈപ്പറ്റുന്നു.

ഷമീറിൽ നിന്നും ആ തുക ദാവൂദ് അൽ അറബിക്ക് കിട്ടും. കൊടുത്ത പണത്തിന് ആനുപാതികമായി ദാവൂദ് അൽ അറബിയിൽ നിന്നും തിരിച്ച് ഇതേ വഴിയിലൂടെ സ്വർണം തിരികെ എത്തും. ഈ സ്വർണമാണ് സ്വപ്നയും സന്ദീപും അടക്കമുള്ളവരുടെ സഹായത്തോടെ കേരളത്തിലെത്തിച്ചത്. 

സ്വപ്ന സുരേഷ്, പിആർ സരിത്ത്, സന്ദീപ് നായ‍ർ,കെടി റമീസ് തുടങ്ങിയവരിൽ ചുറ്റിത്തിരിഞ്ഞ സ്വർണക്കടത്ത് കേസിൽ അന്വേഷണം കൂടുതൽ മുന്നോട്ട് പോയപ്പോൾ കൂടുതൽ പേരുടെ പേരുകളാണ് പുറത്തു വരുന്നത്. സ്വ‍ർണക്കടത്തിൽ ആദ്യം പിടിയിലായവരിൽ നിന്നാണ് യുഎഇയിൽ നിന്നും സ്വർണക്കടത്ത് നിയന്ത്രിക്കുന്ന ഫൈസൽ ഫരീദ്, മുഹമ്മദ് റമീസ്, റബിൻസ് എന്നിവരെക്കുറിച്ചുള്ള വിവരം കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചത്.

ഇവരിലേക്ക് അന്വേഷണം നീണ്ടപ്പോൾ ആണ് ഷമീർ, ദാവൂദ് അൽ അറബി എന്നീ പുതിയ പേരുകൾ പുറത്തു വന്നത്. ഇതു കൂടാതെ ഒരു സിദ്ധിഖുൾ അക്ബർ മറ്റു രണ്ട് പേ‍ർ എന്നിവരെക്കുറിച്ചും എൻഐഎയും കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ദാവൂദ് അൽ അറബി യുഎഇക്കാരനാണെന്ന മൊഴി എൻഐഎ മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്വർണക്കടത്തിൻ്റെ മർമ്മം എന്നു പറയാവുന്ന ദാവൂദ് അൽ അറബിയെക്കുറിച്ച് പല സംശയങ്ങളും അന്വേഷണ ഏജൻസികൾ പ്രകടിപ്പിക്കുന്നുണ്ട്. ദാവൂദ് അൽ അറബി ഒരു മലയാളിയാണ് എന്ന ശക്തമായ സംശയം കേന്ദ്ര ഏജൻസികൾക്കുണ്ട്. ഈ പേരിൽ ഒന്നിലേറെ ആളുകൾ ചേർന്ന് സമർത്ഥമായി സ്വർണക്കടത്ത് നടത്തിയിരിക്കാനുള്ള സാധ്യതയും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. 

click me!