കേരളത്തിന് താത്കാലിക ആശ്വാസം: 5000 കോടി വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകി

Published : May 13, 2022, 09:39 PM IST
കേരളത്തിന് താത്കാലിക ആശ്വാസം: 5000 കോടി വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകി

Synopsis

വായ്പ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം കനിഞ്ഞില്ലെങ്കിൽ  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും കേരളം പോകുക എന്ന് സാമ്പത്തിക വിദഗ്ദ്ദര്‍ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു

ദില്ലി: സാമ്പത്തിക പ്രതിസന്ധിയിലേക്ക് (Financial Crisis) നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നൽകി (Center allows kerala to take  5,000 crore loan ). 

20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാൽ ഈ വർഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല. നിലവിൽ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയത് എന്നാണ് സൂചന. ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതൽ ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. 

 കേരളം നേരിടുന്ന വായ്പപ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ (KN Balagopal) ഉന്നയിച്ചിരുന്നു. കേരളം വായ്പ എടുക്കുന്നതിൽ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാൻ  മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാൽ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്  ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായും  ധനമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.  പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം വായ്പയെടുക്കാൻ അനുമതി നേടാൻ ധനകാര്യ മന്ത്രാലയവുമായുള്ള കത്തിടപാട് തുടരാൻ മുഖ്യമന്ത്രി ധനമന്ത്രിയോട്  നിർദ്ദേശിച്ചു.

നേരത്തെ വായ്പയെടുക്കാൻ അനുമതി തേടി കേന്ദ്രധനമന്ത്രാലയത്തിന് കേരളം കത്ത് നൽകിയിരുന്നു. കിഫ്ബി ബാധ്യതകളെ സംസ്‌ഥനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നും കിഫ്ബി പ്രത്യേക അധികാരമുള്ള സാമ്പത്തിക സ്ഥാപനമാണെന്നും കേരളം കേന്ദ്രത്തിൻ്റെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ പറയുന്നു. കിഫ്ബിയെ മാതൃകയാക്കിയുള്ള കേന്ദ്രത്തിന്റെ ധനശേഖര നടപടികളും കേരളം മറുപടിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങളും കേന്ദ്രത്തിന് കൈമാറി. കഴിഞ്ഞ വർഷത്തെ വായ്പ കണക്കിൽ ഉന്നയിച്ച ചോദ്യങ്ങൾക്കും കേരളം മറുപടി നൽകിയിട്ടുണ്ട്.

വായ്പ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം കനിഞ്ഞില്ലെങ്കിൽ  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും കേരളം പോകുക എന്ന് സാമ്പത്തിക വിദഗ്ദ്ദര്‍ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന കുറവിനൊപ്പം വായ്പയെടുപ്പ് കൂടി അനിശ്ചിതത്വത്തിലായാൽ സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ കേരളം പരുങ്ങലിലാകും എന്ന അവസ്ഥയാണ്. കേന്ദ്രത്തിന്റെ നീക്കത്തിന് എതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് സംയുക്തനീക്കം നടത്താനും കേരളം ആലോചിക്കുന്നുണ്ട്.

ശമ്പള വിതരണത്തിനും പെൻഷൻ വിതരണത്തിനുമായി ജൂൺ ആദ്യം സംസ്ഥാനത്തിന് വേണ്ടത്  4500 കോടി രൂപയാണ്. മറ്റ് ചെലവുകൾക്കും, ശന്പള പെൻഷൻ വിതരണത്തിനുമായി രണ്ട് ഘട്ടങ്ങളിലായി 2000 കോടി രൂപ വീതം വായ്പയെടുക്കാനായിരുന്നു കേരളത്തിന്റെ ശ്രമം. ഇതിനാണ് കേന്ദ്രം തടസ്സം ഉന്നയിച്ചത്. ആഭ്യന്തര വരുമാനത്തിന്റെ മൂന്നര ശതമാനം തുകയാണ് സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനാവുക. ഇതനുസരിച്ച് കേരളത്തിന് ഈ വർഷം 32450 കോടി രൂപ വായ്പെയെടുക്കാം. വായ്പയെടുക്കുന്ന തുക, റവന്യൂ കമ്മി പരിഹരിക്കുന്നതിന്  കേന്ദ്രം നൽകുന്ന തുക, സംസ്ഥാനത്തിന്റെ നികുതി വരുമാനം എന്നിവയെ ആശ്രയിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്.

ജൂലൈ മുതൽ കേന്ദ്രത്തിൽ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം കിട്ടാതെയാകും. വായ്പ എടുക്കുന്നത് കൂടി മുടങ്ങിയാൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിൽ കാര്യമായ പ്രതിസന്ധിയുണ്ടാകും. കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിർദ്ദേശത്തോടും സംസ്ഥാനത്തിന് കടുത്ത വിയോജിപ്പ് ഉണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളോ, കിഫ്ബിയോ എടുക്കുന്ന വായ്പകളെ സംസ്ഥാന സർക്കാരുകളുടെ വായ്പാ പരിധിയിൽ  കണക്കാക്കാൻ കഴിയില്ലെന്നതാണ് കേരളത്തിന്റെ നിലപാട്. വായ്പാവകാശങ്ങൾ നിഷേധിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നവയുമുണ്ട്. ഈ സംസ്ഥാനങ്ങൾ സഹകരിച്ചില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ ഒപ്പം കൂട്ടാനാവും കേരളത്തിന്റെ നീക്കം.

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ