Mullaperiyar| ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്രം; സംസ്ഥാനത്തിന് കത്തയച്ചു

By Web TeamFirst Published Nov 9, 2021, 12:07 PM IST
Highlights

തമിഴ്നാടിന്റെ ആവശ്യപകാരമാണ് കേന്ദ്ര നിർദ്ദേശം. കേന്ദ്ര ജല ജോയിന്റെ സെക്രട്ടറിയാണ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്.

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar) ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താൻ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ (center government). തമിഴ്നാടിൻ്റെ ആവശ്യം കണക്കിലെടുത്ത് അനുകൂല നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാറിന് കത്തയച്ചു. മരവിപ്പിച്ച വിവാദ ഉത്തരവിലെ കാര്യങ്ങൾ നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതോടെ സംസ്ഥാനം കൂടുതൽ വെട്ടിലായി. കത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ബേബി ഡാം ബലപ്പെടുത്താനായി മരംമുറിക്ക് അനുമതി നൽകിയുള്ള ഉത്തരവ് മരവിപ്പിച്ച് തടിയൂരാൻ ശ്രമിക്കുമ്പോഴാണ് കേന്ദ്ര ഇടപെടൽ. ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്തണം, അപ്രോച്ച് റോഡിൻ്റെ അറ്റകുറ്റപ്പണി തീർക്കണം എന്നിവയാണ് കത്തിലെ ആവശ്യങ്ങൾ. മരവിപ്പിച്ച ഉത്തരവിലെ കാര്യങ്ങൾ നടപ്പാക്കണമെന്നാണ് കേന്ദ്ര ജലവിഭവ വകുപ്പ് ജോയിൻ്റ് സെക്രട്ടറി സംസ്ഥാനത്തിന് ഇന്നലെ അയച്ച കത്തിലെ ആവശ്യം. മരം മുറുക്ക് കേന്ദ്രാനുമതി ഇല്ലെന്നതടക്കമുള്ള വാദങ്ങൾ നിരത്തിയായിരുന്നു സംസ്ഥാനം ഉത്തരവ് മരവിപ്പിച്ചത്.  പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധവും ജനങ്ങളുടെ ആശങ്കയും കണക്കിലെടുത്ത് മരംമുറി ഉത്തരവ് റദ്ദാക്കാൻ തന്നെ കേരളം ആലോചിക്കുമ്പോഴാണ് കേന്ദ്ര ഇടപെടൽ.

കേന്ദ്രത്തിൻ്റെ കത്ത് പറഞ്ഞ്  വേണമെങ്കിൽ എതിർപ്പുകളെ നേരിടാമെങ്കിലും മരംമുറി അനുമതി സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന നിലപാണ് ഇതിനകം സർക്കാർ പുറത്ത് പറയുന്നത്. മാത്രമല്ല ഉത്തരവ് റദ്ദാക്കാനും ആലോചിക്കുന്നു. കേന്ദ്രം തന്നെ മരവിപ്പിച്ച കാര്യങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെടുമ്പോോൾ ഇനി എന്ത് ചെയ്യും, കേന്ദ്രത്തിന് എന്ത് മറുപടി നൽകും എന്നുള്ളതാണ് പ്രധാനം. കേന്ദ്രത്തിൻ്റെ കത്തും കേരളം നേരത്തെ മരംമുറിക്ക് അനുമതി നൽകി പിന്നോട്ടുപോയതുമെല്ലാം നിയമപോരാട്ടത്തിൽ തമിഴ്നാട് ഇനി പ്രധാന ആയുധങ്ങളാക്കും. തർക്കം തീർക്കാനുള്ള കേന്ദ്രത്തിൻ്റെ അനുനയ നീക്കം കേരളം തള്ളി എന്ന വാദവും തമിഴ്നാടിന് നിരത്താനാകും.

click me!