സംസ്ഥാന സർക്കാരിന് തിരിച്ചടി; ബി അശോക് ഐഎഎസിൻ്റെ സ്ഥലം മാറ്റത്തിന് ട്രിബ്യൂണൽ സ്റ്റേ

Published : Sep 16, 2025, 12:10 PM ISTUpdated : Sep 16, 2025, 06:30 PM IST
B ASHOK IAS

Synopsis

ബി അശോക് ഐഎഎസിനെ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ ഉത്തരവാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത്. സ്ഥലം മാറ്റത്തിനെതിരെ ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിനെ സ്ഥലം മാറ്റിയ ഉത്തരവിൽ സംസ്ഥാന സർക്കാരിന് തുടർച്ചയായ തിരിച്ചടി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബി അശോകിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലേക്ക് സ്ഥലം മാറ്റിയ ഉത്തരവാണ് രണ്ടാമതും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. സ്ഥലം മാറ്റത്തിനെതിരായ അശോകിന്റെ ഹർജി പരിഗണിച്ച ട്രൈബ്യൂണൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരാമെന്ന് ഉത്തരവിട്ടു. കൃഷി വകുപ്പിലെ കേര പദ്ധതിയുടെ ഫണ്ട് വക മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്നതാണ് വിവാദം. ഇക്കാര്യം അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് തിരിച്ചും ചില ചോദ്യങ്ങൾ ചോദിച്ചു.

കേര പദ്ധതിയുമായി ബന്ധപ്പെട്ട രേഖ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. ഈ ചോദ്യത്തിൽ തുടങ്ങിയ നേർക്കുനേർ പോര് ഒടുവിൽ കൊച്ചി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ‍ട്രൈബ്യൂണലിലാണ് എത്തിനിൽക്കുന്നത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് കെടിഡിഎഫ്സി ( KTDFC) എംഡി സ്ഥാനത്തേക്ക് അശോകിനെ മാറ്റിയത്. ഇത് ചോദ്യം ചെയ്ത് അശോക് നൽകിയ ഹർജിയിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ‍ട്രൈബ്യൂണൽ സ്ഥലം മാറ്റം സ്റ്റേ ചെയ്തു. ഈ സ്റ്റേ നിലനിൽക്കെയാണ് വീണ്ടും സർക്കാരിന്റെ നടപടി. ഇത്തവണ മുഖ്യമന്ത്രിക്ക് കീഴിലുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലേക്കായിരുന്നു മാറ്റം. ഉടൻ ട്രൈബ്യൂണലിനെ സമീപിച്ച അശോക് ഈ സ്ഥാന മാറ്റത്തിനെതിരെയും സ്റ്റേ നേടി. ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിന്റെ വിവേചന അധികാരത്തിൽ സ്ഥലം മാറ്റാനാകുമെന്നാണ് സർക്കാർ ട്രൈബ്യൂണലിൽ വാദിക്കുന്നത്. ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ കേസിനായി നേരിട്ട് ഹാജരായി. എന്നാൽ സിവിൽ സർവ്വീസ് ബോർഡ് ചേർന്ന് തീരുമാനമെടുത്താകണം സ്ഥലം മാറ്റമെന്നാണ് അശോകിന്റെ വാദം. നേരത്തെ ഐഎഎസ് അസ്സോസിയേഷന്റെ ഹർജിയിൽ സുപ്രീം കോടതി ഇക്കാര്യം ശരിവെച്ചതും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് വരുന്ന 23 ന് ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കും. അന്ന് ബി അശോക് സർക്കാർ സത്യവാങ്മൂലത്തിന് ട്രൈബ്യൂണലിൽ മറുപടി പറയും. 

PREV
Read more Articles on
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'