
തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ ചൊല്ലി കേന്ദ്രസംസ്ഥാന പോര് തുടരുന്നു. കേരളത്തിനായി തുക അനുവദിച്ചെന്നും എന്നാൽ സംസ്ഥാനവിഹിതം ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി.സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം പണം മുടക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശദീകരിച്ചു.പല മേഖലകളിലും കേന്ദ്രം പണം നൽകാതെ ശ്വാസം മുട്ടിക്കുന്നു.ഏറ്റവും കൂടുതൽ കേന്ദ്രഫണ്ട് കിട്ടാനുള്ള സംസ്ഥാനമാണ് കേരളം.സംസ്ഥാനം ഒരു മേഖലയ്ക്കും നൽകിയ പണവും വെട്ടികുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
2021-22 വർഷത്തെ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നോഡൽ അക്കൗണ്ടിലേക്ക് കൈമാറണം . എന്നാൽ സർക്കാർ ഇത് ചെയ്തില്ലെന്നാണ് കേന്ദ്രത്തിന്‍റെ വാദം. തുക അടയ്ക്കാൻ കഴിഞ്ഞ മാസം 31 വരെ ഇളവ് അനുവദിച്ചു. സംസ്ഥാനവിഹിതം ഉൾപ്പെടെ തുക ചെലവഴിക്കാത്തതിനാൽ ഈ വർഷത്തെ തുക അനുവദിക്കാനാകില്ലെന്നാണ് കേന്ദ്രം പറയുന്നത്. 2023–24 വർഷത്തെ പിഎം പോഷൻ പദ്ധതിയുടെ ആദ്യ ഗഡു ലഭ്യമാക്കാൻ ഇക്കാര്യങ്ങൾ നടപ്പാക്കാൻ നിർദേശിച്ചു ഓഗസ്റ്റ് 8ന് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകിയെന്നും കേന്ദ്രം പറയുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേന്ദ്രം ഫണ്ട് തടയുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കേന്ദ്രവിഹിതം ലഭിക്കാൻ വൈകിയതിനാൽ 2021 -22ലെ കേന്ദ്രവിഹിതം ഉൾപ്പെടെ 209 കോടി രൂപ സംസ്ഥാനം ചെലവഴിച്ചെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. ഈ കണക്കുകൾ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെലവഴിച്ച തുക എന്ന നിലയിലാണ് 132.9 കോടി രൂപ നൽകിയതെന്നാണ് സംസ്ഥാനസർക്കാർ വിശദീകരിക്കുന്നത്. ഒരിക്കൽ ചെലവഴിച്ച തുക നോഡൽ അക്കൌണ്ടിൽ നിക്ഷേപിക്കാനാകില്ലെന്നും സംസ്ഥാനം വ്യക്തമാക്കുന്നു. ഈക്കാര്യങ്ങൾ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതാണെന്ന് സംസ്ഥാനം പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam