
ദില്ലി: സ്വപ്‍ന സുരേഷിന് എതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
സെൻട്രൽ ഇക്കോണോമിക് ഇന്റിലിജൻസ് ബ്യുറോയിലെ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയത് എന്ന് കേന്ദ്ര സർക്കാർ പറയുന്നു. സ്വർണ്ണകടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരം ഉള്ള കരുതൽ തടങ്കൽ കോടതികൾ ശരിവച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹർജിയിൽ പറയുന്നു.
സ്വർണക്കടത്തുകേസിൽ കേസിൽ ജാമ്യം ലഭിച്ച് സ്വപ്ന സുരേഷ് ഈ മാസം ആറിന് ആണ് ജയിൽ മോചിതയായത്. അറസ്റ്റിലായി ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയിലിൽ നിന്നിറങ്ങിയത്. ജാമ്യം നേരത്തെ ലഭിച്ചെങ്കിലും ഉപാധികളിലെ നടപടി ക്രമങ്ങൾ നീണ്ടുപോയതാണ് മോചനം വൈകിയത്.
പിന്നാലെ, ദിവസങ്ങൾക്ക് മുമ്പ് സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുകയും ചെയ്തു. എൻഫോഴ്സ്മെൻറ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളം ജില്ല വിട്ടു പോകാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്. വീട് തിരുവന്തപുരത്തായതിനാല്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. സ്വപ്നയുടെ ആവശ്യത്തെ ഇ.ഡിയും അനുകൂലിച്ചിരുന്നു. എന്നാല്‍ മുൻകൂർ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്ന് ഉത്തരവിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam